ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കളിക്കളത്തിൽ ഏറ്റുമുട്ടുന്നത് ഇരു രാജ്യങ്ങളിലേ കാണികൾക്കും അഭിമാനപോരാട്ടമാണ്. ഓരോ തോൽവിയും വിജയവും അത്രയും വൈകാരികമായാണ് ഇരു രാജ്യത്തെയും കാണികൾ ഏറ്റെടുക്കുന്നത്. അതിനാൽ തന്നെ കളിക്കളത്തിലെ തീ പാറുന്ന പോരാട്ടങ്ങളാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ സംഭവിക്കാറുള്ളത്.
ഇരു രാജ്യങ്ങളും തമ്മിൽ ഈ വൈര്യവും ആവേശവുമെല്ലാം ഉണ്ടെങ്കിലും എല്ലായിപ്പോഴും മത്സരങ്ങൾക്ക് ശേഷം കളിക്കാർ ഒന്നിച്ചുകൂടാറുണ്ട്. കളിക്കളത്തിലെ ശത്രുത കളത്തിന് പുറത്തേക്ക് ഒരിക്കലും വ്യാപിക്കാറില്ല. കളിക്കുന്ന സമയത്ത് 100 ശതമാനം നൽകി കളിക്കുന്ന താരങ്ങൾ പരസ്‌പരം അഭിനന്ദിക്കുകയും പരാജയത്തിൽ താങ്ങ് നൽകുകയും ചെയ്യുന്ന കാഴ്‌ചയാണ് എക്കാലവും സ്പോർട്‌സ് എന്നതിനെ സൗന്ദര്യമുള്ളതാക്കുന്നത്. ഒപ്പം ശത്രുതകളെ ഇല്ലാതെയാക്കുന്ന ചാലകശക്തിയായി സ്പോർട്‌സ് വർത്തിക്കുന്നതും.
ഇന്നലെ മത്സരശേഷം പാകിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാനെ ഇന്ത്യൻ നായകൻ വിരാട് കോലി നെഞ്ചോട് ചേർക്കുമ്പോൾ വിജയിക്കുന്നത് യഥാർത്ഥത്തിൽ സ്പോർട്സ് ആണ്. ഒന്നിക്കുന്നത് രണ്ട് ജനതകളും. കളിക്കളത്തിലെ നിരാശയും ദേഷ്യവുമെല്ലാം അലിഞ്ഞ് ഇരുതാരങ്ങളും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.