ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി വിരാട് കോലി. 2016 ലോകകപ്പ് സൂപ്പർ10ൽ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ കോലി നേടിയ 82 റൺസിന്‍റെ ഇന്നിംഗ്സിനാണ് വോട്ടെടുപ്പിലൂടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായി ഐസിസി തെരഞ്ഞെടുത്തത്.
കോലിയുടെ ഇന്നിങ്‌സിന് 68 ശതമാനം വോട്ടും ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ബെന്‍ സ്റ്റോക്സിന്‍റെ അവസാന ഓവറില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് തുടര്‍ച്ചയായ നാല് സിക്സറുകളോടെ വിന്‍ഡീസ് ജയം ഉറപ്പിക്കുന്ന നിമിഷത്തിന് 32 ശതമാനം വോട്ടുമാണ് ലഭിച്ചത്.
2016ലെ ടി20 ലോകകപ്പിലെ സൂപ്പര്‍ 10 പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ സ്കോര്‍ ആയ 160 റൺസ് പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന് 49 റൺസെന്ന നിലയിൽ തകർന്ന സമയത്തായിരുന്നു കോലിയുടെ പ്രകടനം.39 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ കോലി അവസാന ഓവറുകളിൽ നടത്തിയ പ്രകടനത്തിന്റെ മികവിലായിരുന്നു ഇന്ത്യ അന്ന് ടി20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചത്.