Royal Challengers Bangalore: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. ആര്‍സിബി തോറ്റതോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കയറുന്ന നാലാമത്തെ ടീമായി. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് പ്ലേ ഓഫില്‍ കളിക്കുക.
ഗുജറാത്തിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ആര്‍സിബിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 197 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് വിജയലക്ഷ്യം കണ്ടു.
ആര്‍സിബിക്ക് വേണ്ടി സെഞ്ചുറി നേടിയ വിരാട് കോലിയുടെ കിടിലന്‍ ഇന്നിങ്‌സിന് അതേനാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു ഗുജറാത്ത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 52 ബോളില്‍ എട്ട് സിക്‌സും അഞ്ച് ഫോറും സഹിതം 104 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. ഈ സീസണില്‍ ഗില്ലിന്റെ രണ്ടാം സെഞ്ചുറിയാണ് ഇത്. വിജയ് ശങ്കര്‍ 35 ബോളില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സ് നേടി. നേരത്തെ വിരാട് കോലി 13 ഫോറും ഒരു സിക്‌സും സഹിതം 61 ബോളിലാണ് 101 റണ്‍സുമായി പുറത്താകാതെ നിന്നത്. കോലിയുടെ തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ സെഞ്ചുറിയായിരുന്നു ഇത്.