പൃഥ്വി ഷായ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സപ്‌ന ഗില്ലിന്റെ അഭിഭാഷകന്‍. പൃഥ്വി ഷാ മദ്യപിച്ചിരുന്നെന്നും സപ്നയെ ബാറ്റ് കൊണ്ട് തല്ലിയെന്നും അഭിഭാഷകന്‍ ആരോപിച്ചു. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. പൃഥ്വി ഷായെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സപ്‌ന ഗില്‍ അടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പൃഥ്വി ഷാ സപ്നയെ ബാറ്റ് കൊണ്ട് ആക്രമിച്ചെന്നാണ് സപ്‌നയുടെ അഭിഭാഷകന്‍ ആരോപിക്കുന്നത്. ആരാധിക എന്ന നിലയില്‍ മാത്രമാണ് സപ്‌ന പൃഥ്വി ഷായുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാന്‍ പോയതെന്നും അഭിഭാഷകന്‍ പറയുന്നു.
സെല്‍ഫിയെടുക്കാന്‍ സഹകരിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ ആക്രമണ ശ്രമം. ബുധനാഴ്ച രാത്രി പുലര്‍ച്ചെയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ സപ്ന ഗില്ലും അവരുടെ ആണ്‍സുഹൃത്ത് ശോഭിത് ഠാക്കൂര്‍ എന്നിവരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
മുംബൈ ഒഷിവാരയിലെ സാന്റാക്രൂസ് ആഡംബര ഹോട്ടലില്‍ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. പൃഥ്വി ഷായും സുഹൃത്തുക്കളും ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. ഇതേ ഹോട്ടലില്‍ തന്നെയാണ് സപ്നയും ആണ്‍സുഹൃത്തും ഉണ്ടായിരുന്നത്. പൃഥ്വി ഷായ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഇരുവരും ശ്രമിച്ചു. ആദ്യമൊക്കെ സെല്‍ഫിയെടുക്കാന്‍ താരം നിന്നുകൊടുത്തു. പിന്നീട് സെല്‍ഫിയെടുക്കുന്നത് തുടര്‍ന്നപ്പോള്‍ പൃഥ്വി ഷാ വിസമ്മതം അറിയിച്ചു. ആരാധകര്‍ മടങ്ങാതിരുന്നപ്പോള്‍ പൃഥ്വി ഷാ സുഹൃത്തിനെയും ഹോട്ടല്‍ മാനേജരെയും വിളിച്ചുവരുത്തി. തുടര്‍ന്ന് ആരാധകരെ ഹോട്ടലില്‍ നിന്ന് പുറത്താക്കി.
ഹോട്ടലില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ ആരാധകര്‍ പൃഥ്വി ഷാ ഇറങ്ങുന്നത് കാത്ത് ഹോട്ടലിനു പുറത്ത് കാത്തുനിന്നു. ബേസ് ബോള്‍ ബാറ്റ് കൊണ്ട് പൃഥ്വി ഷായ്ക്ക് നേരെ ആക്രമണ ശ്രമമുണ്ടായി. താരത്തെ കാറില്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിനു നല്‍കിയ പരാതിയിലുണ്ട്.
അക്രമികള്‍ പൃഥ്വി ഷായുടെ കാറിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ത്തു. 50,000 രൂപ ആവശ്യപ്പെട്ടതായും പൃഥ്വി ഷായുടെ സുഹൃത്തിന്റെ പരാതിയില്‍ പറയുന്നു. സപ്ന ഗില്ലിനെ വ്യാഴാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പൃഥ്വി ഷായെ ഹോട്ടലിനു പുറത്ത് കാത്തുനില്‍ക്കുന്ന സമയം കൊണ്ട് സപ്നയുടെ സുഹൃത്ത് ഠാക്കൂര്‍ ആറ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവരെല്ലാം ചേര്‍ന്ന് ഏകദേശം പത്ത് കിലോമീറ്ററോളം പൃഥ്വി ഷായെ പിന്തുടര്‍ന്നു.
അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ് സപ്ന ഗില്‍. ഇന്‍സ്റ്റഗ്രാമില്‍ 2,20,000 ഫോളോവേഴ്സാണ് സപ്നയ്ക്കുള്ളത്. ഛഢീഗഡ് സ്വദേശിനിയായ താരം മുംബൈയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഏതാനും സിനിമകളിലും വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. വീഡിയോ ഷെയറിങ് ആപ്പായ ജോഷ്, സ്നാപ് ചാറ്റ്, യുട്യൂബ് എന്നിവയിലെല്ലാം താരം സജീവമാണ്.