44 വർഷത്തിനിടെ ആദ്യം: ഹാമിൽട്ടണിൽ റേക്കോർഡ് നേട്ടം സ്വന്തമാക്കി പൃഥ്വി ഷായും മായങ്കും!!

അഭിറാം മനോഹർ
ബുധന്‍, 5 ഫെബ്രുവരി 2020 (11:50 IST)
ന്യൂസിലൻഡിനെതിരെ ഒന്നാം ഏകദിനമത്സരത്തിന് ഇന്ത്യ ഇന്നിറങ്ങിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ പതിവില്ലാത്ത ഒരു കാഴ്ച്ചക്കാണ് ആരാധകർ സാക്ഷിയായത്. ഇന്ത്യയുടെ സ്ഥിരം ഓപ്പണിങ് ജോഡിയായ രോഹിത്തും ശിഖർ ധവാനും പരിക്കേറ്റ് പിന്മാറിയതിനെ തുടർന്ന് യുവതാരങ്ങളായ പൃഥ്വി ഷായും മായങ്ക് അഗർവാളുമായിരുന്നു ഇന്ത്യക്ക് വേണ്ടി ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയത്. 44 വർഷത്തിനിടെ ഇതാദ്യമായാണ് രണ്ട് ഓപ്പണിങ് താരങ്ങൾ ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നത്.
 
1976ൽ ക്രൈസ്റ്റ്‌ചര്‍ച്ച് ഏകദിനത്തില്‍ ദിലീപ് വെങ്‌സര്‍ക്കറും പാര്‍ഥസാരഥി ശര്‍മ്മയുമാണ് ഇതിനുമുന്‍പ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റമത്സരത്തിൽ ഓപ്പണർമാരായി ഇറങ്ങിയത്. ഹാമിൽട്ടണിലെ അരങ്ങേറ്റ മത്സരത്തിൽ മായങ്കും ഷായും ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് മത്സരത്തിൽ നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 50 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
 
എട്ടാം ഓവറിലെ അവസാന പന്തില്‍ ഷായെ ഗ്രാന്‍‌ഹോം വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. തന്റെ അരങ്ങേറ്റ ഏകദിനമത്സരത്തിൽ 21 പന്തിൽ 20 റൺസായിരുന്നു ഷായുടെ സമ്പാദ്യം. ഷാ പുറത്തായതോടെ തൊട്ടടുത്ത ഓവറിൽ മായങ്ക് അഗർവാളും പുറത്താവുകയായിരുന്നു. സൗത്തിയുടെ പന്തില്‍ ടോം ബ്ലെന്‍‌ഡല്‍ അഗർവാളിനെ കൈപ്പിടിയിൽ ഒതുക്കുമ്പോൾ 31 പന്തിൽ 32 റൺസായിരുന്നു മായങ്കിന്റെ സമ്പാദ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article