സെഞ്ചുറി പതിവാക്കി ബാബർ, ഓസീസിനെതിരായ ഏകദിന പരമ്പര പാകിസ്ഥാന്

Webdunia
ഞായര്‍, 3 ഏപ്രില്‍ 2022 (10:30 IST)
ക്യാപ്‌റ്റൻ ബാബർ അസമിന്റെ സെഞ്ചുറിപ്രകടനത്തിൽ ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലും പാകിസ്ഥാന് വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര പാകിസ്ഥാൻ സ്വന്തമാക്കി. നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ 41.5 ഓവറില്‍ 210 റണ്‍സിന് പുറത്താക്കിയ പാക്കിസ്ഥാന്‍ 37.5 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. 105 റൺസ് നേടിയ ബാബർ അസമാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ.
 
പരമ്പരയിലെ തുടർച്ചയായ രണ്ടാം സെഞ്ചുറിയും കരിയറിലെ പതിനാറാമത് ഏകദിന സെഞ്ചുറിയുമാണ് ബാബർ കണ്ടെത്തിയത്. ആദ്യ ഏകദിനത്തില്‍ ബാബര്‍ 57 റണ്‍സടിച്ചിരുന്നു.  ഫഖര്‍ സമനെ(17) തുടക്കത്തിലെ നഷ്ടമായശേഷം ബാബറിനൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ ഇമാമുള്‍ ഹഖ്(89*) പാക് ജയം അനായാസമാക്കി. രണ്ടാം വിക്കറ്റിൽ 190 റൺസാണ് ബാബർ-ഇമാമുൾ ഹഖ് സഖ്യം നേടിയത്.ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ചാണ് പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയത്. നേരത്തെ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ കൈവിട്ടിരുന്നു. 
 
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് തുടക്കത്തിലെ ഓപ്പണര്‍മാരെയും നഷ്ടമായിരുന്നു. ആറ് റൺസിന് 3 വിക്കറ്റ് നഷ്ടമായ ഓസീസിനെ ബെന്‍ മക്ഡര്‍മോര്‍ട്ട്(36) നടത്തിയ ചെറുത്തുനില്‍പ്പ് ഓസീസിനെ 50 കടത്തിയെങ്കിലും സ്റ്റോയിനിസും(19) മക്ഡര്‍മോര്‍ട്ടും പുറത്തായതോടെ ഓസീസ് വീണ്ടും കൂട്ടത്തകര്‍ച്ചയിലായി. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി(56), കാമറൂണ്‍ ഗ്രീന്‍(34) സീന്‍ ആബട്ട്(40  പന്തില്‍ 49) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഓസീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article