173 പന്തിൽ 264 , 33 ബൌണ്ടറികളും 9 സിക്സും; ഈഡനിലെ രോഹിത്താറാട്ടിന് ഇന്ന് 5 വർഷം!

ഗോൾഡ ഡിസൂസ
ബുധന്‍, 13 നവം‌ബര്‍ 2019 (13:12 IST)
ഓർമയുണ്ടോ എന്ന് ചോദിക്കേണ്ടതില്ല, ക്രിക്കറ്റ് പ്രേമികൾ അങ്ങനെ മറക്കാൻ സാധ്യതയുള്ള ദിവസമല്ല ഇന്ന്. 2014 നവംബർ 13ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ഏകദിനം മറക്കാൻ ഇന്ത്യയ്ക്കാർക്ക് കഴിയുമോ? രോഹിത് ശർമയെന്ന ഒറ്റയാൾ പോരാളി 264 റൺസ് അടിച്ചെടുത്ത് അമ്പരപ്പിച്ച ദിവസത്തിന്റെ അഞ്ചാം ഓർമ വർഷമാണിന്ന്. 
 
ഏകദിനത്തിൽ 250 കടക്കാൻ ടീമുകൾ പോലും ഇന്നും പെടാപ്പാടു പെടുമ്പോഴാണ് രോഹിത് 264 റൺസ് അടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. മഹത്തായ ആ ഇന്നിങ്സ് പിറവി കൊണ്ടിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു. 173 പന്തുകളിൽ ഒൻപതു സിക്‌സറും 33 ഫോറുകളുമായി 264 റൺസെടുത്ത രോഹിതിനെ അമ്പരപ്പോടെയായിരുന്നു അന്ന് ഗ്യാലറി വീക്ഷിച്ചത്. 
 
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങി. അജിങ്ക്യ രഹാനെയും രോഹിത് ശർമയുമായിരുന്നു ഇന്ത്യയ്ക്കായി ഓപ്പൺ ബാറ്റിങ്ങിനിറങ്ങിയത്. അങ്ങനെ പറയത്ത പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണയുള്ള ഒരു ഇന്നിങ്സിന്റെ തുടക്കമെന്നേ പറയാകൂ. പത്താഴ്‌ച പരുക്കിനെത്തുടർന്നു വിശ്രമത്തിലായിരുന്ന രോഹിത് ശ്രദ്ധയോടെയാണു തുടങ്ങിയത്.
 
അഞ്ചാം ഓവര്‍ എറിയാനെത്തിയ ഷാമിന്ദ ഇറംഗയുടെ പന്തില്‍ വ്യക്തിഗത സ്‌കോര്‍ നാലില്‍ നില്‍ക്കെ രോഹിത് നല്‍കിയ ഒരു അനായാസ ക്യാച്ച് തിസാര പെരേര നിലത്തിട്ടു. നഷ്ടപ്പെടുന്ന ക്യാച്ചുകളിൽ ഒന്ന് എന്ന നിസാര ഭാവമായിരുന്നു അന്ന് ശ്രീലങ്ക നൽകിയത്. എന്നാൽ, പിന്നീട് ലങ്കൻ ടീം ഏറെ ശപിച്ചത് ആ നിമിഷത്തെയായിരുന്നു.  
 
അവിടെ നിന്നും ജീവൻ തിരിച്ച് കിട്ടിയ രോഹിത് ശർമ കത്തിക്കയറിയ മത്സരമായിരുന്നു പിന്നീട് കണ്ടത്. ഈ ഇന്നിങ്സിനിടെ രോഹിത് മറികടന്ന നാഴികക്കല്ലുകളിൽ പലതും ഇന്നും തകർക്കാൻ ആർക്കുമായിട്ടില്ല. ഏകദിനത്തിലെ എറ്റവും ഉയർന്ന വ്യക്‌തിഗത സ്‌കോർ, 250 കടക്കുന്ന ആദ്യ ബാറ്റ്‌സ്‌മാൻ, രണ്ട് ഏകദിന ഇരട്ട സെഞ്ച്വറി ഇന്നും തകർക്കാൻ മറ്റൊരാൾക്ക് സാധിച്ചിട്ടില്ല.
 
രോഹിത് കത്തിക്കയറിയ മൽസരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത് 153 റൺസിന്റെ വിജയം. 173 പന്തുകള്‍ നേരിട്ട് 264 റണ്‍സുമായി ഇന്നിങ്‌സിന്റെ അവസാന പന്തില്‍ രോഹിത് മടങ്ങിയപ്പോഴേക്കും അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സെന്ന കൂറ്റന്‍ സ്‌കോർ സ്വന്തമാക്കിയിരുന്നു. രോഹിത് അടക്കം ഇന്ത്യൻ ടീം ഉയർത്തിയ പടുകൂറ്റൻ സ്കോറിനു മുന്നിൽ തകർന്ന്, ക്ഷീണിച്ച് ക്രീസിലേക്കിറങ്ങിയ ലക്ഷൻ ടീമിനു തീരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 43.1 ഓവറില്‍ 251 റണ്‍സിന് കൂടാരം കയറി. 

അനുബന്ധ വാര്‍ത്തകള്‍

Next Article