കോഹ്‌ലിയെ സഹതാരങ്ങള്‍ ചോദ്യം ചെയ്യണം, ഈ പോക്ക് ശരിയല്ല; സ്‌മിത്തിന്റെ വാക്കുകള്‍ ശരിവച്ച് സൂപ്പര്‍ താരം രംഗത്ത്

Webdunia
ബുധന്‍, 24 ജനുവരി 2018 (13:38 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് വിരാട് കോഹ്‌ലി അധികം നാള്‍ കാണുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ ഗ്രെയിം സ്മിത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്ന പ്രസ്‌താവനയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.  

ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ കോഹ്‌ലിക്കെതിരെ സംസാരിക്കുകയോ തെറ്റുകളും വീഴ്‌ചകളും ചൂണ്ടിക്കാണിക്കാനോ ആരുമില്ലെന്ന സ്‌മിത്തിന്റെ പ്രസ്‌താവനയാണ് സെവാഗും ശരിവയ്‌ക്കുന്നത്.

കോഹ്‌ലിക്കെതിരെ സംസാരിക്കുന്നവരോ അദ്ദേഹത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ തന്റേടമുള്ളവരോ ഇന്ന് ഇന്ത്യന്‍ ടീമിലില്ല. എല്ലാവരും കോഹ്‌ലിയുടെ താഴെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ടീം സെലക്ഷനിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിച്ച് അഭിപ്രായം വ്യക്തമാക്കാന്‍ ശേഷിയുള്ള നാലോ അഞ്ചോ താരങ്ങള്‍ ഡ്രസിംഗ് റൂമില്‍ വേണമെന്നും സെവാഗ് വ്യക്തമാക്കി.

ഭയമില്ലാതെ ഏതു നാട്ടിലും കളിക്കാനുള്ള ശേഷി കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ശൈലിയില്‍ പേടികൂടാതെ മറ്റുള്ളവരും ബാറ്റ് വീശണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാല്‍ അങ്ങനെ കളിക്കാന്‍ സഹതാരങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഒരാള്‍ മാത്രം മികച്ച കളി പുറത്തെടുത്തതു കൊണ്ട് ടീം ജയിക്കില്ല. അതിനായി എല്ലാവരും ഒരുമിച്ച് ശ്രമിക്കുകയും അവരുടേതായ സംഭാവനകള്‍ നല്‍കുകയും വേണം. പരിശീലകന്‍ പറയുന്നത് മാത്രം കേട്ട് ഒരിക്കലും ഗ്രൌണ്ടില്‍ ഇറങ്ങരുതെന്നും സെവാഗ് ഓര്‍മിപ്പിച്ചു.

റണ്‍സ് നേടാനാണ് കോഹ്‌ലി സഹതാരങ്ങളോട് പറയുന്നത്. മുമ്പ് സച്ചിന്‍ ക്യാപ്‌റ്റന്‍ ആയിരുന്നപ്പോള്‍ അദ്ദേഹവും ഇങ്ങനെ പറയുമായിരുന്നുമെന്നും ഇന്ത്യാ ടിവി ചാനലില്‍ നടന്ന ഒരു പരിപാടിക്കിടെ സെവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article