ഇന്ത്യ ഓസ്‌ട്രേലിയ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. ഇതോടെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. ആതിഥേയര്‍ ഉയര്‍ത്തിയ 384 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്ത് നില്‍കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി നായകന്‍ എംഎസ് ധോണി(24), ആര്‍ അശ്വിന്‍(8) എന്നിവര്‍ പുറത്താവാതെ നിന്നു. വിരാട് കോലി(54), അജിങ്ക്യ രഹാനെ(48) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തോല്‍വിയില്‍ കരകയറ്റിയത്. നേരത്തെ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെടുത്ത് ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു ഓസ്ട്രേലിയയ്ക്കായി ഷോണ്‍ മാര്‍ഷ് (99), ക്രിസ് റോജേഴ്സ് (69) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. ആദ്യ രണ്ട് ടെസ്റ്റുകളിലും ഓസ്‌ട്രേലിയ ജയിച്ചിരുന്നു.