2023 മികച്ച വര്‍ഷമായിരുന്നു, പക്ഷേ.. ലോകകപ്പ് നഷ്ടമായതിന്റെ വേദന മറച്ചുവെയ്ക്കാതെ ഗില്‍

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2023 (16:16 IST)
ലോകകപ്പ് ഫൈനലില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും 2023 ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. വിരാട് കോലി ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടങ്ങള്‍ തകര്‍ക്കുന്നതിനും കോലിയുടെ പിന്‍ഗാമി ആരാകുമെന്ന ചോദ്യത്തിന് ഗില്‍ മറുപടി നല്‍കുന്നതും 2023ല്‍ കാണാന്‍ സാധിച്ചു. 2023ല്‍ ഏകദിനത്തില്‍ 1584 റണ്‍സാണ് ഇന്ത്യന്‍ യുവതാരമായ ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തത്. 2023 ക്രിക്കറ്റ് താരമെന്ന നിലയില്‍ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ച വര്‍ഷമാണെങ്കിലും ലോകകപ്പ് നേടാനാവത്തതില്‍ താന്‍ നിരാശനാണെന്നാണ് ഗില്‍ വ്യക്തമാക്കുന്നത്
 
2023 എന്നെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. പക്ഷേ ഒരു ലോകകപ്പ് നഷ്ടമാവുക എന്നത് എപ്പോഴും നമ്മളെ തകര്‍ക്കുന്നതാണ്. ഭാഗ്യത്തിന് അടുത്ത വര്‍ഷവും നമുക്ക് മുന്നിലൊരു ലോകകപ്പുണ്ട്. ഇപ്പോള്‍ എല്ലാ ശ്രദ്ധയും അതിലേക്ക് മാത്രമാണ്. ഗില്‍ പറഞ്ഞു. നമുക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് മത്സരമുണ്ട്. ഓസ്‌ട്രേലിയയിലും ഈ വര്‍ഷം ടെസ്റ്റ് സീരീസ് നടക്കാനിരിക്കുന്നു. ഇതെല്ലാം തന്നെ വലിയ മത്സരങ്ങളാണ്. അതിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍.
 
വരാനിരിക്കുന്ന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയും അതേസമയം വലിയ അനുഭവവുമാകുമെന്ന് ഞാന്‍ കരുതുന്നു. തെറ്റുകളില്‍ നിന്നും പഠിച്ച് മുന്നേറാമെന്ന് ഞാന്‍ കരുതുന്നു. അടുത്ത വര്‍ഷം കളിക്കാരനെന്ന നിലയില്‍ അതായിരിക്കും ഗുണം ചെയ്യുന്നത്. ഗില്‍ പറഞ്ഞു. അതേസമയം ലോകകപ്പ് സമയത്ത് ബാധിച്ച ഡെങ്കിയില്‍ നിന്നും താന്‍ ഇപ്പോഴും തിരിച്ചുവന്നുകൊണ്ടിരിക്കുയാണെന്നും ഗില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article