ഫൈനല്‍ ലക്ഷ്യമിട്ട് പഞ്ചാബും കൊല്‍ക്കത്തയും

Webdunia
ചൊവ്വ, 27 മെയ് 2014 (09:49 IST)
ഐപിഎല്‍ ഏഴാം സീസണിന്റെ പ്ളേ ഓഫ് ഘട്ടത്തിന് ഇന്ന് തുടക്കമാകും. ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സ്  ഇലവന്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഈ മത്സരത്തില്‍  ജയിക്കുന്നയാള്‍ നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്ന ടീമിന്  ഒരു ചാന്‍സ് കൂടിയുണ്ട്.

അതായത് വെള്ളിയാഴ്ച നടക്കുന്ന  രണ്ടാം ക്വാളിഫയറില്‍  മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്ററിലെ വിജയിയുമായി ഏറ്റുമുട്ടി വിജയിച്ചാല്‍ അവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാം. നാളെ നടക്കുന്ന എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബയ് ഇന്ത്യന്‍സും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

ഐപിഎല്ലിന്റെ കഴിഞ്ഞ ആറ് സീസണുകളില്‍ ഒന്നില്‍പ്പോലും പ്ളേ ഒഫ് ഘട്ടം കണ്ടിട്ടില്ലാത്ത ടീമാണ് പഞ്ചാബ് കിംഗ്സ് ഇലവന്‍. ഇത്തവണയും അതു തന്നെ ആവര്‍ത്തിക്കുമെന്ന് കരുതിയിരുന്ന നിരീക്ഷകരെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ടീം തേരോട്ടം നടത്തിയത്.

പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളില്‍ 11ലും പഞ്ചാബ് വിജയമണിഞ്ഞു. മൂന്നേ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് പഞ്ചാബ് തോറ്റത്.  അതില്‍ രണ്ട് തവണയും മുംബയ് ഇന്ത്യന്‍സായിരുന്നു എതിരാളികള്‍. ഒരു തവണ കൊല്‍ക്കത്തയും.

ഈ സീസണിന്റെ ഭൂരിഭാഗം സമയത്തും ഫോമില്‍ തിളങ്ങിനില്‍ക്കുന്ന ഗ്ളെന്‍ മാക്സ്‌വെല്ലാണ് പഞ്ചാബിന്റെ  തുറുപ്പു ചീട്ട്.  അവസാന മത്സരങ്ങളില്‍ പഞ്ചാബ് മാക്സ്‌വെല്ലിന്  വിശ്രമം നല്‍കിയിരുന്നു. വീരേന്ദര്‍ സെവാഗ്, മനന്‍വോറ എന്നീ ഇന്ത്യന്‍ താരങ്ങളും ഡേവിഡ് മില്ലര്‍, നായകന്‍ ജോര്‍ജ് ബെയ്ലി എന്നീ വിദേശ താരങ്ങളും മാക്സ്‌വെല്ലിനൊപ്പം ബാറ്റിംഗില്‍  തിളങ്ങുന്നു.

അതേസമയം മാക്സ്‌വെല്ലില്‍ നിന്ന് ഓറഞ്ച് ക്യാപ് പിടിച്ചുവാങ്ങിയ റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്തയുടെ തുറുപ്പു ചീട്ട്. മിന്നുന്ന ഫോമിലാണ് ഉത്തപ്പ.  അവസാന മത്സരത്തില്‍ 22 ബാളില്‍ നിന്ന് 72 റണ്ണടിച്ച  യൂസഫ് പഠാന്റെ അപ്രതീക്ഷിത ഉയര്‍ത്തെഴുന്നേല്‍പ്പ് ടീമിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

നരെയ്‌ന്‍, ഷാക്കിബ് അല്‍ ഹസന്‍, മോര്‍ക്കല്‍, ഉമേഷ് യാദവ് എന്നിവര്‍ ഗംഭീറിന്റെ ടീമിലെ ബൗളിംഗിലെ കരുത്തരാണ്. മിച്ചല്‍ ജോണ്‍സണ്‍, അക്ഷര്‍ പട്ടേല്‍,  സന്ദീപ് ശര്‍മ്മ, റിഷി ധവാന്‍ തുടങ്ങിയവരാണ് പഞ്ഞ്ചാബിന്റെ ബൌളിങ് പ്രതീക്ഷകള്‍.