പന്ത് കൂളല്ല ഹോട്ടാണ്; കോഹ്‌ലിയുടെ വിശ്വാസം കാത്ത ‘കിടിലന്‍’ ഇന്നിംഗ്‌സ്

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (17:58 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരം ഋഷഭ് പന്തിന് നിര്‍ണായകമായിരുന്നു. ടീമില്‍ ഉള്‍പ്പെടുമോ എന്ന ആശങ്ക പോലും നിലനില്‍ക്കെയാണ് യാതൊരു മടിയുമില്ലാതെ യുവതാരത്തെ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഗ്രൌണ്ടിലിറക്കിയത്.

ഫോം ഔട്ടായതിനെ തുടർന്ന് രൂക്ഷവിമർശനത്തിന് വിധേയനായിരുന്നു പന്ത്. ശനിയാഴ്‌ച നടന്ന ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താ‍യ പന്ത് രണ്ടാം മത്സരത്തില്‍ നലു റണ്‍സുമായി കൂടാരം കയറി. ഇതോടെയാണ് പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ മത്സരത്തില്‍ പന്ത് ഉണ്ടാകുമോ എന്ന ആശങ്ക ആരാധകരിലുണ്ടായത്.

പന്തിനു പകരം ലോകേഷ് രാഹുലിനെ വിക്കറ്റ് കീപ്പറാക്കി പുതിയൊരാൾക്ക് അവസരം നൽകണമെന്നു വരെ ചർച്ച നടന്നു. എന്നാല്‍, ആരാധകരുടെയും ക്യാപ്‌റ്റന്റെയും പ്രതീക്ഷകള്‍ കാത്ത ധോണിയുടെ പിന്‍‌ഗാമി 42 പന്തില്‍ 65 റണ്‍സുമായി കളം നിറഞ്ഞതോടെ അവസാന പോരാട്ടവും ഇന്ത്യക്ക് സ്വന്തമായി.

ആദ്യ രണ്ടു മത്സരത്തിലും അനാവശ്യ ഷോട്ടിലൂടെ പുറത്തായെന്ന പഴി കേട്ടതോടെ മൂന്നാം അങ്കത്തില്‍ ക്രീസില്‍ നില്‍ക്കാനാണ് പന്ത് ആഗ്രഹിച്ചത്. കരുതോടെ തുടങ്ങുക, താളം കണ്ടെത്തി പിന്നീട് അടിച്ചു തകര്‍ക്കുകയെന്ന രീതിയായിരുന്നു പിന്നീട് കണ്ടത്.

തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായ കോഹ്‌ലിക്ക് കൂട്ടായി ക്രീസിലെത്തിയ പന്ത് 106 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ടീമിനെ കരകയറ്റിയത്.

പിന്നീട് വിന്‍ഡീസ് ബോളര്‍മാരെ ധൈര്യത്തോടെ നേരിട്ട യുവതാരം 42 പന്തിൽ നാലു വീതം ബൗണ്ടറിയും സിക്സും കണ്ടെത്തി. ഇതോടെ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും സ്വന്തമാക്കി. 2017ൽ ബെംഗളൂരുവിൽ ഇംഗ്ലണ്ടിനെതിരെ 56 റൺസെടുത്ത ധോണിയുടെ റെക്കോർഡാണ് പന്ത് മറികടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article