വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ തിരുവനന്തപുരത്ത് ഇന്ത്യ ആത്മവിശ്വാസത്തോടെ ഇറങ്ങുന്നു. മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹൈദരാബാദിൽ നടന്ന ഒന്നാം ടി20യിൽ ആറ് വിക്കറ്റിന് ഇന്ത്യ വിൻഡീസിനെ തോൽപ്പിച്ചിരുന്നു. രണ്ടാം ടി20 വിജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ടീം.
എന്നാൽ കീറോൺ പൊള്ളാർഡിന്റെ നേതൃത്വത്തിൽ വിൻഡീസ് തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്. വിലക്കിന് ശേഷം നിക്കോളാസ് പൂരൻ തിരിച്ചെത്തുന്നത് അവർക്ക് കൂടുതൽ കരുത്ത് പകരും. ബോളിങ് നിരയാണ് വിൻഡീസിന് തലവേദന സൃഷ്ടിക്കുന്നത്.
കൂടുതൽ എക്സ്ട്രാസ് വഴങ്ങിയതും ഒന്നാം ടി20യിലെ പരാജയത്തിന് കാരണമായെന്ന് പൊള്ളാർഡ് പറഞ്ഞിരുന്നു. പേസർ കെസ്റിക്ക് വില്യംസിനെ ചിലപ്പോൾ ഇന്നത്തെ മത്സരത്തിൽ കളിപ്പിച്ചേക്കില്ല. പകരം കീമോ പോൾ ടീമിൽ ഇടം പിടിച്ചേക്കും. മുൻ നിര ബാറ്റ്സ്മാൻമാരെല്ലാം ഫോമിലാണെന്നത് വിൻഡീസിന് അനുകൂല ഘടകമാണ്.
സ്വന്തം നാട്ടിൽ സഞ്ജു സാംസൺ കളിക്കുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തുമോയെന്നത് കണ്ടറിയണം. ഇന്ത്യയുടെ ബാറ്റിങ് നിരയിൽ മാറ്റത്തിന് സാധ്യത വളരെ കുറവാണ്. കളിക്കുകയാണെങ്കിൽ സഞ്ജുവിനെ മധ്യനിര ബാറ്റ്സ്മാനായിട്ടായിരിക്കും ഇറക്കുക.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നിലവിൽ ഇന്ത്യ 1-0ന് മുന്നിലാണ്. നേരത്തെ ഈ വർഷം വെസ്റ്റ് ഇൻഡീസിൽ നടന്ന ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. പിന്നീട് ബംഗ്ലാദേശിനെയും ദക്ഷിണാഫ്രിക്കയെയും ഇന്ത്യ നാട്ടിൽ പരാജയപ്പെടുത്തി.