ആസ്ട്രേലിയക്കേതിരെയുള്ള മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ രണ്ടാംദിനം നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ആസ്ട്രേലിയ 530റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. സ്മിത്ത് 192 റണ്‍സ്നേടി.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് തുടര്‍ച്ചയായ മൂന്നാമത്തെ ടെസ്റ്റിലും സെഞ്ച്വറിയുമായി കളംനിറഞ്ഞപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മറുപടിയില്ലായിരുന്നു. എട്ട് റണ്‍സകലെ ഇരട്ടസെഞ്ച്വറി നഷ്ടമായെങ്കിലും കരിയറിലെ മികച്ച വ്യക്തിഗതസ്കോറും സ്വന്തമാക്കിയാണ് സ്മിത്ത് കളംവിട്ടത്. 55 റണ്‍സെടുത്ത ബ്രാഡ് ഹാഡിനും 74 റണ്‍സെടുത്ത റയാന്‍ ഹാരിസും സ്‌മിത്തിന് മികച്ച പിന്തുണയാണ് നല്‍കിയത്.
305 പന്ത് നേരിട്ട സ്മിത്ത് 15 ബൗണ്ടറിയും രണ്ടു സിക്സറും ഉള്‍പ്പടെയാണ് 192 റണ്‍സെടുത്തത്. ആറാം വിക്കറ്റില്‍ ഹാഡിനുമായി ചേര്‍ന്ന് 110 റണ്‍സാണ് സ്‌മിത്ത് കൂട്ടിച്ചേര്‍ത്തത്. ഏഴാം വിക്കറ്റില്‍ ജോണ്‍സനുമായി ചേര്‍ന്ന് 54 റണ്‍സും എട്ടാം വിക്കറ്റില്‍ ഹാരിസുമായി ചേര്‍ന്ന് 106 റണ്‍സും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. റോജേഴസ് 57,വാട്സന്‍ 52,ഹാഡിന്‍ 55 ഹാരിസ് 52 എന്നിവര്‍ അര്‍ദ്ധശതകം നേടി.
ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി 4വിക്കറ്റും ഉമേഷ് യാദവും അശ്വിന്‍ 3വിക്കറ്റുകള്‍ വീതം നേടി. എന്നാല്‍ ബൗളിംഗില്‍ ഏറെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. മൊഹമ്മദ് ഷമിയും ഉമേഷ് യാദവും അശ്വിനും ചേര്‍ന്ന് ഓസീസിന്റെ പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഇവര്‍ ഓരോരുത്തരും നൂറു റണ്‍സിലേറെയാണ് വിട്ടുനല്‍കിയത്. വിക്കറ്റ് ഒന്നും നേടാത്ത ഇഷാന്തും നൂറും റണ്‍സിലേറെ വഴങ്ങി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ടീമിന്റെ ബൌളര്‍മാര്‍ ഇത്രയേറെ റണ്‍ വഴങ്ങുന്നത് ഇതാദ്യമായാണ്. എന്നാല്‍ ഇന്ത്യന്‍ ടീം ബൗളര്‍മാര്‍ 26 തവണയാണ് ഈ വര്‍ഷം 100 റണ്‍സിലധികം വഴങ്ങുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി മുരളി വിജയും ശിഖര്‍ ധവാനും ക്രീസിലുണ്ട്. ഈ കളി സമനിലയൊ തോല്‍ക്കുകയൊ ചെയ്താല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.