ഇന്ത്യൻ വിജയത്തിന് തടയിട്ട് കിവികളുടെ പ്രതിരോധപ്പൂട്ട്, കാൺപൂർ ടെസ്റ്റിൽ ആവേശകരമായ സമനില

Webdunia
തിങ്കള്‍, 29 നവം‌ബര്‍ 2021 (17:17 IST)
കിവീസ് വാലറ്റം പ്രതിരോധക്കോട്ട കെട്ടിയതോടെ കാൺപൂർ ടെസ്റ്റ് സമനിലയിൽ. ഒരു വിക്കറ്റ് വീഴ്‌ത്തിയാൽ വിജയം എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവസാന വിക്കറ്റിൽ ഒത്തുചേർന്ന അജാസ് പട്ടേല്‍-രവീന്ദ്ര രചിന്‍ കൂട്ടുകെട്ട് പൊളിക്കാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്.
 
ഒമ്പതാമനായി ഇറങ്ങിയ ടിം സൗത്തി പുറത്തായതോടെ ഇന്ത്യൻ നിര വിജയമുറപ്പിച്ചെങ്കിലും ഒരു ഭാഗത്ത് കോട്ട കെട്ടിയ ഇന്ത്യന്‍ വംശജരായ അജാസും രചിനും ഇന്ത്യയുടെ പേരുകേട്ട സ്പിൻ ത്രയത്തെ നേരിട്ടു. 23 പന്ത് നേരിട്ട് രണ്ട് റണ്‍സോടെ അജാസും 91 പന്തില്‍ 18 റണ്‍സോടെ രചിനും പുറത്താകാതെ നിന്നതോടെയാണ് ന്യൂസിലൻഡ് വിജയത്തിന് തുല്യമായ സമനില ഇന്ത്യക്കെതിരെ നേടിയത്.
 
അവസാന ദിവസത്തെ മത്സരം വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിക്കുമ്പോള്‍ കിവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന നിലയിലായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് മികച്ച തുടക്കമാണ് ടോം ലാഥവും നൈറ്റ് വാച്ച്മാന്‍ വില്‍ സോമർവില്ലെയും ചേർന്ന് നൽകിയത്. എന്നാൽ ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പന്തില്‍ തന്നെ സോമര്‍വില്ലെ പുറത്തായി. തുടർന്ന് വില്യംസണെ കൂട്ടുപിടിച്ച് ലാഥം ടീം സ്‌കോര്‍ 100 കടത്തി. 52 റൺസ് നേടിയ ലാഥം പുറത്തായതോടെ കിവീസ് പ്രതിരോധത്തിലായി.
 
പിന്നാലെയെത്തിയ റോസ് ടെയ്‌ലറും ഹെന്ര്രി നിക്കോളിസും പുറത്തായതോടെ ഇന്ത്യ മത്സരത്തിൽ പിടി മുറുക്കി. കെയ്‌ൻ വില്യംസണിന് പിന്നാലെ ടോം ബ്ലന്‍ഡലും കെയ്ല്‍ ജമെയ്സണും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണതോടെ ന്യൂസീലന്‍ഡ് തോൽവി മണത്തു.

എന്നാൽ ക്രീസിൽ ഒരറ്റത്ത് ഉറച്ച് നിന്ന അരങ്ങേറ്റക്കാരനായ രചിൻ രവീന്ദ്രൻ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുന്ന കാഴ്‌ചയാണ് പിന്നീട് കാണാനായത്. 30 പന്ത് നേരിട്ട് അഞ്ചു റണ്‍സെടുത്ത ജമിസണും എട്ട് പന്തിൽ 4 റൺസുമായി ടിം സൗത്തിയും പുറത്തായെങ്കിലും പാറ പോലെ ഉറച്ച് നിന്ന് അജാസ് പട്ടേൽ രചിൻ രവീന്ദ്രൻ സഖ്യം ഇന്ത്യയിൽ നിന്നും വിജയത്തെ അകറ്റി നിർത്തുകയായിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article