സ്‌റ്റോക്‍സിന്റെ അടുത്ത് സച്ചിന്‍ ഒന്നുമല്ല ?; ആ ട്വീറ്റ് കുത്തിപ്പൊക്കി, വീണ്ടും വിവാദം - ചിത്തവിളി കേട്ട് ഐസിസി

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (17:20 IST)
ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനു പിന്നാലെ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറും ഇംഗ്ലണ്ടിന്റെ വിജയശിൽപി ബെൻസ്‌റ്റോക്‍സും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തിന് ഐസിസി നല്‍കിയ അടിക്കുറിപ്പ് വിവാദങ്ങള്‍ക്ക്  വഴിവച്ചിരുന്നു.

‘എക്കാലത്തെയും മികച്ച താരവും, സച്ചിൻ തെൻഡുൽക്കറും’ എന്നാണ് ലോകകപ്പ് സ്‌പെഷല്‍ ട്വിറ്റര്‍ പേജില്‍ പോസ്‌റ്റ് ചെയ്‌ത ചിത്രത്തിന് ഐസിസി നല്‍കിയ കമന്റ്. തമാശരൂപേണയാണ് ഐസിസി ഇതു ചെയ്‌തതെങ്കിലും സച്ചിന്‍ ആരാധകര്‍ക്ക് ഇടയില്‍ വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചു.

ഓസ്‌ട്രേലിയക്കെതിരായ ആഷസ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത് സ്‌റ്റോക്‍സായിരുന്നു. ഓസീസ് ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞെങ്കിലും പിരിയാത്ത പത്താം വിക്കറ്റിൽ ജാക്ക് ലീച്ചിനൊപ്പം 76 റൺസ് കൂട്ടുകെട്ട് തീര്‍ത്ത് സ്‌റ്റോക്‍സ് ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ഈ ജയത്തിന് പിന്നാലെയാണ് പഴയ ചിത്രം ഐ സി സി വീണ്ടും കുത്തിപ്പൊക്കിയത്. 'അന്നേ നിങ്ങളോട് പറഞ്ഞതല്ലേ...'എന്നായിരുന്നു ഈ ട്വീറ്റിന്‌ ഐസിസി നല്‍കിയ ക്യാപ്ഷന്‍. സച്ചിനെ ‘കൊച്ചാക്കി’യുള്ള പോസ്‌റ്റിനെതിരെ ആരാധകര്‍ തിരിയുകയും ചെയ്‌തു.

സച്ചിന്‍ കൂടുതൽ ആദരമർഹിക്കുന്നു എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഐസിസിയുടെ ട്വീറ്റിനെ ‘ദയനീയം’ എന്നു വിശേഷിപ്പിക്കുന്ന ആരാധകരും കുറവല്ല. ഇത്തരമൊരു ട്വീറ്റ് ഐസിസിയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും, സച്ചിനെ ബഹുമാനിക്കാന്‍ പഠിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article