ആ റെക്കോര്‍ഡ് ഇന്നിംഗ്‌സ് അടിച്ചു കൂട്ടിയത് കള്ളിന്റെ പുറത്ത്‍; തലേദിവസം മുതല്‍ മദ്യലഹരിയിലായിരുന്നു - വെളിപ്പെടുത്തലുമായി ഗിബ്‌സ്

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (15:46 IST)
2006ല്‍ നടന്ന ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ഫൈനലിന് തുല്ല്യമായ അഞ്ചാം മത്സരത്തില്‍ താന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് മദ്യലഹരിയിലായിരുന്നുവെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹെര്‍ഷല്‍ ഗിബ്‌സ്.

തന്റെ ആത്മകഥയായ ടു ദ പോയന്റ് എന്ന പുസ്തകത്തിലാണ് ഗിബ്‌സ് അന്നത്തെ സംഭവങ്ങള്‍ വിവരിക്കുന്നത്.

തലേന്നത്തെ നൈറ്റ് പാര്‍ട്ടിയില്‍ നന്നായി മദ്യപിച്ചു. അടുത്ത ദിവസം കളിക്കാന്‍ സാധിക്കുമോ എന്നു പോലും ആശങ്കയുണ്ടായിരുന്നു. പ്രതീക്ഷതു പോലെയാണ് മത്സര ദിവസം സംഭവിച്ചത്. ഗ്രൌണ്ടിലിറങ്ങുമ്പോള്‍ മദ്യത്തിന്റെ ഹാങ്ഓവര്‍ വിട്ടിരുന്നില്ലെന്നും ഗിബ്‌സ് പറയുന്നു.

ഗിബ്‌സിന്റെ വെളിപ്പെടുത്തല്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക് ഹസിയും സ്ഥിരീകരിച്ചു. നഥാന്‍ ബ്രക്കനുമൊത്ത് ഞാന്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മദ്യപിച്ച അവസ്ഥയില്‍ അദ്ദേഹത്തെ കണ്ടു. ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഗിബ്‌സിന് ഹാങ്ഓവര്‍ ഉണ്ടാകുമെന്ന് കരുതി. ഇതിനാല്‍ അനായാസം വിക്ക് നേടാനാകുമെന്ന് കരുതിയിരുന്നെന്നും ഹസി കൂട്ടിച്ചേര്‍ത്തു.

രണ്ട് വീതം ജയവുമായി ഓസീസും ദക്ഷിണാഫ്രിക്കയും ഒപ്പം നിന്നതോടെയാണ് അഞ്ചാം മത്സരം നിര്‍ണായകമായത്. ഈ മത്സരത്തില്‍ 434 റണ്‍സാണ് ഓസീസ് അടിച്ചു കൂട്ടിയത്. എന്നാല്‍, 111 പന്തില്‍ നിന്ന് 175 റണ്‍സ് നേടി ഗിബ്‌സ് ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം നേടി കൊടുക്കുകയായിരുന്നു.
Next Article