കോഹ്‌ലി നായകനായതോടെ പല്ല് കൊഴിഞ്ഞ സിംഹങ്ങള്‍ ടീമിലേക്കോ ? - മടങ്ങിയെത്തുന്ന ഈ താരത്തെ ഇനി എന്തിന് കൊള്ളാം!

Webdunia
ബുധന്‍, 18 ജനുവരി 2017 (19:23 IST)
ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണെന്ന് ഹര്‍ഭജന്‍ സിംഗ്. വര്‍ഷങ്ങള്‍ക്ക് ശേഷം യുവരാജ് സിംഗ് ഏകദിന ടീമിലേക്ക് എത്തിയതു പോലെ താനും ടീമിലെത്തുമെന്നാണ് കരുതുന്നത്. ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍‌സ് ട്രോഫിയാണ് താന്‍ ലക്ഷ്യം വയ്‌ക്കുന്നതെന്നും ഭാജി പറഞ്ഞു.

കുറച്ചു ദിവസമായി ജലന്ധറിലാണ് പരിശീലനം നടത്തുന്നത്. സയിദ് മുഷ്‌താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും മുന്നില്‍ കണ്ടാണ് ഈ പരിശീലനം. ഐ പി എല്‍ വരുന്നതിനാല്‍ നന്നായി ബോള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

വരുന്ന മൂന്നോ നാലോ മാസത്തിനുള്ള ലഭിക്കുന്ന അവസരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്താനാണ് പദ്ധതിയിടുന്നത്. എന്റെ കഴിവിനനുസരിച്ചുള്ള സ്‌ഥിരമായ പ്രകടനം പുറത്തെടുക്കുമെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

യുവരാജിന്റെ കാര്യം പറഞ്ഞാല്‍ അദ്ദേഹമൊരു പോരാളിയാണ്. ടീമിലെത്താന്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറാണ് അദ്ദേഹം. ഇംഗ്ലണ്ടിനെതിരെ യുവി മികച്ച കളി പുറത്തെടുക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ ശേഷമാണ് യുവരാജ് സിംഗ് ഇന്ത്യന്‍ ഏകദിന ടീമിലെത്തുന്നത്. ധോണി നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ ടീമില്‍ എത്താമെന്ന വിശ്വാസത്തിലാണ് ഹര്‍ഭജന്‍. എന്നാല്‍ മാരക ഫോമില്‍ കളിക്കുന്ന ആര്‍ അശ്വിനാണ് ഭാജിക്ക് വില്ലനായി മുന്നിലുള്ളത്.
Next Article