രോഹിത് ശര്‍മയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ഓപ്പണറാക്കരുതെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നയന്‍ മോംഗിയ. രോഹിത്തിനെ ഓപ്പണറാക്കിയുള്ള പരീക്ഷണം വിജയിക്കാന്‍ സാധ്യത കുറവാണെന്നാണ് മോംഗിയ പറയുന്നത്.
ഏകദിനത്തിലും ട്വന്‍റി 20യിലും ഇന്ത്യയുടെ സ്ഥിരം ഓപ്പണറാണ് രോഹിത് ശര്‍മയെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മനോഭാവമാണ് ഒരു ഓപ്പണര്‍ക്ക് ഉണ്ടായിരിക്കേണ്ടതെന്ന് നയന്‍ മോംഗിയ പറയുന്നു. ടെസ്റ്റിന്‍റെ രീതികള്‍ക്ക് അനുസരിച്ച് തന്‍റെ സ്വാഭാവിക ശൈലി മാറ്റാന്‍ രോഹിത് ശര്‍മ ശ്രമിക്കുന്നത് നല്ലതല്ല. തന്‍റെ സ്ഥിരം ശൈലിയോട് നീതിപുലര്‍ത്താനാണ് രോഹിത് ശ്രമിക്കേണ്ടത്. ശൈലി മാറ്റാന്‍ രോഹിത് ശ്രമിച്ചാല്‍ അത് പരിമിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹത്തെ ദോഷമായി ബാധിക്കും - നയന്‍ മോംഗിയ പറയുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുലിന് പകരം രോഹിത് ശര്‍മ ഓപ്പണറായി ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന് സെലക്‍ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ പ്രഖ്യാപനത്തിന് വലിയ കൈയടിയാണ് ഹിറ്റ്മാന്‍റെ ആരാധകര്‍ നല്‍കിയത്. വി വി എസ് ലക്ഷ്മണ്‍, സൌരവ് ഗാംഗുലി തുടങ്ങിയ മുന്‍ താരങ്ങള്‍ രോഹിത് ശര്‍മയെ ടെസ്റ്റില്‍ ഓപ്പണറാക്കുന്നതിനെ അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ അതിനിടെയാണ് വ്യത്യസ്ത അഭിപ്രായവുമായി നയന്‍ മോംഗിയ രംഗത്തെത്തിയിരിക്കുന്നത്.