ഓസീസിന് ബൈ പറഞ്ഞ് ജോസ് ബായ്! ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

Webdunia
ഞായര്‍, 31 ഒക്‌ടോബര്‍ 2021 (08:50 IST)
ടി10 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഓസീസിനെ 8 വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് തുടർച്ചയായ മൂന്നാം ജയം കുറിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ഉയർത്തിയ 125 റൺസെന്ന വിജയലക്ഷ്യം വെറും 11.4 ഓവറിലാണ് ഇംഗ്ലണ്ട് മറികടന്നത്. സൂപ്പർ താരം ജോസ് ബട്ട്‌ലറിന്റെ വെടിക്കെട്ട് പ്രകടനമാണ് ഓസീസിനെ നിലംപരിശാക്കിയത്.
 
വിജയത്തോടെ ഇംഗ്ലണ്ടിന് സെമിസാധ്യതകൾ വർധിച്ചു.മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മുൻനിരയെ ക്രിസ് ജോർദാനും ക്രിസ് വോക്‌സും ചേർന്ന തകർത്തെറിയുകയായിരുന്നു. ആറോവറിനുള്ളിൽ തന്നെ ഓസീസിന് നാലുവിക്കറ്റുകൾ നഷ്ടമായിരുന്നു.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാരായ ജേസൺ റോയിയും ജോസ് ബട്ട്‌ലറും നൽകിയത്. ആദ്യ വിക്കറ്റ് നഷ്ടമാകു‌മ്പോഴേക്കും 6 ഓവറിൽ 60 റൺസ് ഇംഗ്ലണ്ട് കടന്നിരുന്നു. 32 പന്തിൽ അ‌ഞ്ച് സിക്‌സറും അഞ്ച് ഫോറുമടക്കം 71 റൺസെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്ട്‌ലറാണ് ഓസീസിനെ വലിച്ചുകീറിയത്. 25 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബട്‌ലര്‍ ഓസീസിന് അവസരങ്ങളൊന്നും നല്‍കാതെ ഇംഗ്ലണ്ടിന്‍റെ വിജയം സമ്പൂര്‍ണമാക്കി. 
 
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നോവറില്‍ 37 റണ്‍സ് വഴങ്ങിയപ്പോള്‍ ആദം സാംപ മൂന്നോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ നാലോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്രിസ് വോക്സ് നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റും സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article