വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ ട്വന്റി20 ലീഗ് വരുന്നു, സച്ചിന്‍ വീണ്ടും പാഡണിയും

Webdunia
വെള്ളി, 15 മെയ് 2015 (13:35 IST)
ലോക ക്രിക്കര്‍റ്റിലെ ഇതിഹാസങ്ങളാണ് ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഓസ്ട്രേലിയയുടെ ഷെയ്ൻ വോൺ, റിക്കി പോണ്ടിംഗ് ,ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയവര്‍. പലരും ഇവരുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് കൈയ്യടിച്ചവരാണ്. ഈ താരങ്ങളുടെ പ്രകടനങ്ങള്‍ ഇനി കാണാനൊക്കില്ല എന്ന് കരുതി പലരും പഴയ ക്രിക്കറ്റ് മാച്ചുകള്‍ സ്പോര്‍ട്സ് ചാനലുകളില്‍ ഇപ്പോഴും കാണാറുണ്ട്. എന്നാല്‍ അത്തരക്കാഒക്കൊരു ശുഭവാര്‍ത്ത പുറത്തുവരുന്നു.

വിരമിച്ച താരങ്ങള്‍ വീണ്ടും പാഡണിയാന്‍ തുടങ്ങുന്നതായാണ് ആ വാര്‍ത്ത. രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ച താരങ്ങളെ വീണ്ടും മൽസര ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിനായി സച്ചിൻ തെൻഡുൽക്കർ, ഷെയ്ൻ വോൺ എന്നിവരുൾപ്പെടെയുള്ള താരങ്ങൾ ശ്രമമാരംഭിച്ചതായി ചില റിപ്പോർട്ടുകൾ പറയുന്നു. ബ്രെറ്റ് ലീ, റിക്കി പോണ്ടിങ്, ആഡം ഗിൽക്രിസ്റ്റ്, മൈക്കൽ വോഗൻ, ആൻഡ്രൂ ഫ്ലിന്റോഫ്, ജാക്വസ് കാലിസ് തുടങ്ങിയ താരങ്ങളും ഇതിലുൾപ്പെടുന്നു. ഇതിനോടകം 28 താരങ്ങളുമായി ഇവര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് വാര്‍ത്തകള്‍.

ക്രിക്കറ്റ് ഓൾ സ്റ്റാർസ് ലീഗ് എന്ന് പേരിട്ടിരിക്കുന്ന ഈ ടൂർണമെന്റിൽ 15 ട്വന്റി20 മൽസരങ്ങളാണ് ഉണ്ടാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് മൽസരങ്ങൾ നടക്കുക. ആദ്യ പതിപ്പ് ഈ വർഷം സെപ്റ്റംബറിൽ യുഎസിൽ അരങ്ങേറുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരാള്‍ക്ക് ഒരു മത്സരത്തിന് 30,000 യുഎസ് ഡോളറാണ്  ഇപ്പോള്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐപിഎല്ലിന് ബദലായി എസ്സെൽ ഗ്രൂപ്പ് പുതിയ വിമത ക്രിക്കറ്റ് ലീഗ് തുടങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് വിരമിച്ച താരങ്ങള്‍ പുതിയ ക്രിക്കറ്റ് ലീഗ് തുടങ്ങുന്നതെന്ന വാര്‍ത്തകള്‍ വരുന്നത്. അതേസമയം വിരമിച്ച താരങ്ങൾ സ്വന്തമായി ക്രിക്കറ്റ് ലീഗ് തുടങ്ങിയാൽ അത് ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള നല്ല രീതിയിൽ നടന്നുവരുന്ന ട്വന്റി20 ടൂർണമെന്റുകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നു.