ഫൈനലില്‍ ചെന്നൈ- മുംബൈ പോരാട്ടം

Webdunia
ശനി, 23 മെയ് 2015 (10:14 IST)
നിര്‍ണ്ണായകമായ മത്സരത്തില്‍  ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ മൂന്നുവിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍കിംഗ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്നു. അവസാ ഓവറില്‍ അഞ്ചു റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ ഒരുപന്ത് ബാക്കിനില്‍ക്കെ ലക്ഷ്യംകണ്ടു. നാളെ കോല്‍ക്കത്തയില്‍ നടക്കുന്ന ഫൈനലില്‍ ചെന്നൈ മുംബൈ ഇന്ത്യന്‍സിനെ നേരിടും. സ്കോര്‍: ബാംഗളൂര്‍ എട്ടിന് 139, ചെന്നൈ ഏഴിന് 140. 3 വിക്കറ്റെടുത്ത ചെന്നൈയുടെ ആശിഷ് നെഹ്റയാണ് മാന്‍ ഓഫ് ദ മാച്ച്.

മികച്ച ഫോമില്‍ കളിച്ച കോഹ്ലിയേയും ഡിവില്ലിയേഴ്‌സിനേയും ഒരു ഓവറില്‍ വീഴ്ത്തിയ ആശിഷ് നെഹ്റ ഇരട്ടപ്രഹരമാണ് ബാംഗ്ലൂരിന് നല്‍കിയത്.12 റണ്ണിന് കോലിയും ഒരു റണ്ണിന് ഡിവില്ലിയേഴ്‌സും മടങ്ങിയപ്പോള്‍ ഗെയ്ല്‍ നങ്കൂരമിട്ട് കളിച്ചു. എന്നാല്‍ 41 റണ്ണെടുത്ത് ഗെയ്ല്‍ മടങ്ങിയതോടെ തകര്‍ന്ന ബാംഗ്ലൂരിനെ 21 പന്തില്‍ 31 റണ്‍സെടുത്ത കൗമാരതാരം സര്‍ഫ്രാസ് ഖാനാണ് 139ലെത്തിച്ചത്.

20 ഓവറില്‍ ബാംഗ്ളൂര്‍ ഉയര്‍ത്തിയ 140 റണ്‍സെന്ന വിജയലക്ഷ്യം ഒരു പന്ത് ബാക്കിയിരിക്കെയാണ് ചെന്നൈ എത്തിപ്പിടിച്ചത്. 46 പന്തില്‍ 56 റണ്‍സ് അടിച്ചെടുത്ത വെറ്ററന്‍ താരം മൈക്ക് ഹസിയുടെ പ്രകടനവും അവസാന ഓവര്‍ വരെ മുന്നില്‍നിന്ന് നയിച്ച ധോണിയുടെ (26 റണ്‍സ്) മനസ്സാന്നിധ്യവുമാണ് കളി ചെന്നൈയ്ക്ക് അനുകൂലമാക്കിയത്.ചെന്നൈയ്ക്ക് വേണ്ടി ഫാഫ് ഡുപ്ളസിസ് 21 റണ്‍സെടുത്തു.