'തുഗ്ലക്ക് പരീക്ഷണങ്ങള്‍ നിര്‍ത്തിക്കോ'; ഗൗതം ഗംഭീറിനു മുന്നറിയിപ്പുമായി ബിസിസിഐ, അധികാര പരിധി വെട്ടിക്കുറയ്ക്കും

രേണുക വേണു
തിങ്കള്‍, 4 നവം‌ബര്‍ 2024 (11:35 IST)
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനു മുന്നറിയിപ്പുമായി ബിസിസിഐ. ഹോം സീരിസില്‍ ഇത്രയും നാണംകെട്ട അവസ്ഥ മുന്‍പൊന്നും ഉണ്ടായിട്ടില്ലെന്നും പരീക്ഷണങ്ങള്‍ അമിതമായാല്‍ ഇത്തരം തോല്‍വികള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ബിസിസിഐ ഗംഭീറിനു മുന്നറിയിപ്പു നല്‍കി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഗംഭീര്‍ നടത്തിയ പല പരീക്ഷണങ്ങളോടും ബിസിസിഐയ്ക്കു ശക്തമായ വിയോജിപ്പുണ്ട്. ഗംഭീറിന്റെ ചില പരീക്ഷണങ്ങള്‍ മൂന്നാം മത്സരത്തിലെ തോല്‍വിക്കു കാരണമായിട്ടുണ്ടെന്നാണ് ബിസിസിഐ വിലയിരുത്തല്‍. 
 
ഒന്നാം ഇന്നിങ്‌സില്‍ നൈറ്റ് വാച്ച്മാനായി മുഹമ്മദ് സിറാജിനെ ഇറക്കിയത് എന്തിനാണെന്ന് ബിസിസിഐ ചോദിക്കുന്നു. ബൗളറായ സിറാജ് നാലാമനായാണ് ക്രീസില്‍ എത്തിയത്. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ നില്‍ക്കുമ്പോഴാണ് ബാറ്റിങ്ങില്‍ വളരെ പുറകിലായ സിറാജിനെ ഇറക്കുന്നത്. ക്രീസിലെത്തി ആദ്യ പന്തില്‍ തന്നെ സിറാജ് പുറത്താകുകയും ചെയ്തു. പരീക്ഷണമെന്ന പേരില്‍ ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യുമ്പോള്‍ അത് ടീമിനെ മൊത്തമായി ബാധിക്കുകയാണെന്ന് ബിസിസിഐ വിമര്‍ശിക്കുന്നു. 
 
മാത്രമല്ല ബാറ്ററായ സര്‍ഫ്രാസ് ഖാന്‍ ക്രീസിലെത്തിയത് എട്ടാമനായി. മൂന്നാമതോ നാലാമതോ ബാറ്റ് ചെയ്യാന്‍ എത്തേണ്ട സര്‍ഫ്രാസിനെ എട്ടാം നമ്പറിലേക്ക് ഇറക്കിയത് എന്തിനാണെന്നും ബിസിസിഐ ചോദിക്കുന്നു. പരിചിതമല്ലാത്ത സ്ഥാനത്ത് ബാറ്റ് ചെയ്യാനെത്തിയ സര്‍ഫ്രാസ് നാല് പന്ത് നേരിട്ട് പൂജ്യത്തിനു പുറത്താകുകയും ചെയ്തു. 
 
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെട്ടിരുന്നു. സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ പരിശീലകര്‍ പങ്കെടുക്കരുതെന്നാണ് ചട്ടം. മുന്‍ പരിശീലകരായ രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ ഇതുവരെ പങ്കെടുത്തിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തീരുമാനിക്കുന്ന നിര്‍ണായക യോഗത്തിലേക്ക് ഗംഭീറിനും ക്ഷണമുണ്ടായിരുന്നു. ഇത്തരത്തിലുള്ള കൂടുതല്‍ അധികാരങ്ങള്‍ ഇനി ഗംഭീറിനു നല്‍കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കൂടി ഇന്ത്യ നിരാശപ്പെടുത്തിയാല്‍ ഗംഭീറിന്റെ അധികാര പരിധി ബിസിസിഐ വെട്ടിക്കുറയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article