ഇന്ത്യയിലെ പൊളിഞ്ഞ പിച്ചിൽ ഏത് പൊട്ടനും വിക്കറ്റ് നേടാം, അശ്വിനെ കടന്നാക്രമിച്ച് മുൻ താരം

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2023 (11:13 IST)
ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ ഉള്‍പ്പെടുത്തിയതിനെതിരെ മുന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ഇന്ത്യന്‍ പിച്ചുകള്‍ അശ്വിന് വേണ്ടി രൂപമാറ്റം വരുത്തിയവയാണെന്നും പലതവണ ഇത് താന്‍ നേരിട്ട് കണ്ടറിഞ്ഞ കാര്യമാണെന്നും ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസ് ഏറ്റവും മോശമായ താരമാണ് അശ്വിനെന്നും ശിവരാമകൃഷ്ണന്‍ പറഞ്ഞു.
 
ലോകകപ്പിനായുള്ള ഐസിസിയുടെ കമന്ററി പാനലില്‍ ഒരൊറ്റ സ്പിന്നര്‍ പോലുമില്ലെന്നത് ചൂണ്ടികാട്ടികൊണ്ട് ലക്ഷ്മണ്‍ ശിവരാമകൃഷ്ണനാണ് ട്വിറ്ററില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതിനിടെയാണ് ശിവരാമകൃഷ്ണന്‍ അശ്വിനെ കടന്നാക്രമിച്ചത്. ഇന്ത്യന്‍ പിച്ചുകളില്‍ മാറ്റം വരുത്താന്‍ അശ്വിന്‍ ഗ്രൗണ്ട് സ്റ്റാഫിനോട് പറയുന്നത് ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. ഇന്ത്യന്‍ പിച്ചുകള്‍ അശ്വിന് ടെസ്റ്റ് കളിക്കാന്‍ പാകപ്പെടുത്തിയവയാണ്. ഇന്ത്യന്‍ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പോലും പ്രയാസപ്പെടുന്നത് കാണുമ്പോള്‍ ഇത് മനസിലാകും. സേന രാജ്യങ്ങളില്‍ അശ്വിന്റെ റെക്കോര്‍ഡ് നോക്കു. ഇന്ത്യയില്‍ വെച്ച് 378 വിക്കറ്റ് നേടിയിട്ടുള്ള അശ്വിന്‍ ഇപ്പോഴും കളിക്കുന്നത് ഇന്ത്യന്‍ ടീമില്‍ മറ്റ് സ്പിന്നര്‍മാര്‍ ഇല്ലാത്തത് കൊണ്ടാണ് ശിവരാമകൃഷ്ണന്‍ പറഞ്ഞു.
 
അതേസമയം മുന്‍താരത്തിന്റെ അഭിപ്രായങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ക്കെതിരെ ആരാധകരും രംഗത്തെത്തി. അശ്വിന്‍ ഇന്ത്യയുടെ ഇതിഹാസമായി മാറിയ താരമാണെന്നും എന്താണ് മുന്‍ താരങ്ങളുടെ പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ലെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യയ്ക്കായി 3 ഫോര്‍മാറ്റിലും കളിച്ച അശ്വിന്‍ ടെസ്റ്റില്‍ 94 മത്സരങ്ങളില്‍ നിന്നും 489 വിക്കറ്റുകളും ഏകദിനത്തില്‍ 115 മത്സരങ്ങളില്‍ നിന്നും 155 വിക്കറ്റുകളും 65 ടി20 മത്സരങ്ങളില്‍ നിന്നും 72 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. അക്ഷര്‍ പട്ടേലിന് പരിക്കേറ്റതോടെയാണ് അശ്വിനെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article