മഞ്ഞക്കിളികള്‍ ചിറകടിക്കുമോ? വാര്‍ണറും മാക്‍സ്‌വെല്ലും കാത്തിരിക്കുന്നു

Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (14:19 IST)
ക്രിക്കറ്റില്‍ എതിരാളികള്‍ ഇല്ലാതെ മുന്നേറിയ ഓസ്ട്രേലിയ്ക്ക് 2007 ലോകകപ്പിന് ശേഷം തകര്‍ച്ചയായിരുന്നു നേരിടേണ്ടി വന്നത്. റിക്കി പോണ്ടിംഗ്, ആഡം ഗില്‍ക്രിസ്‌റ്റ്, ബ്രെറ്റ് ലീ, മൈക്ക് ഹസി, മാത്യു ഹേയ്‌ഡന്‍ എന്നിവര്‍ ടീം വിട്ടതോടെ തോല്‍‌വികള്‍ മാത്രമായ ടീം തിരിച്ചു വരവിന്റെ പാതയിലാണ്.

2015 ലോകകപ്പില്‍ മികച്ച ടീമിനെ തന്നെയാണ് ഓസ്‌ട്രേലിയന്‍ സെലക്‍ടര്‍മാര്‍ അണിനിരത്തുന്നത്. നഷ്‌ടപ്രതാപം വീണ്ടെടുക്കുന്നതിനൊപ്പം സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ കപ്പല്ലാതെ മറ്റൊന്നും മഞ്ഞപ്പടയ്ക്ക് ആവശ്യമില്ല. അതിനാല്‍ തന്നെ പ്രാഥമിക റൌണ്ട് മത്സരങ്ങളില്‍ മികച്ച പോരാട്ടങ്ങള്‍ നടത്തിയാണ് അവരുടെ വരവ്. ആറ് മത്സരങ്ങളില്‍ നിന്നായി നാല് ജയവും ഒരു തോല്‍‌വിയും (ഒരു കളി മഴ തടസപ്പെടുത്തി) സ്വന്തമാക്കിയാണ് ക്വേര്‍ട്ടറിലേക്ക് മഞ്ഞക്കിളികള്‍ ചിറകടിച്ചത്.

ഓസ്ട്രേലിയന്‍ കരുത്ത്:-

      ശക്തമായ ബാറ്റിംഗ് നിരയും ബോളിംഗ് നിരയുമാണ് ഓസ്ട്രേലിയയുടെ കരുത്ത്. ഓപ്പണിംഗ് ബാറ്റ്‌സ്‌മാന്‍ ആയി ഇറങ്ങുന്ന ഡേവിഡ് വാര്‍ണറാണ് അവരുടെ കരുത്ത്. ആറ് കളികളില്‍ നിന്നായി 264 റണ്‍സാണ് അദ്ദേഹം നേടിയത്. മറ്റൊരു താരം ഗ്ലെന്‍ മാക്‍സ്‌വെല്‍ ആണ്. ഇത്രയും കളികളില്‍ നിന്നായി അദ്ദേഹം നേടിയത് 257 റണ്‍സാണ്. മികച്ച തുടക്കം ലഭിച്ചാല്‍ വമ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ആരോണ്‍ ഫിഞ്ചാണ് മറ്റൊരു ശ്രദ്ധേയ താരം. മൈക്കള്‍ ക്ലാര്‍ക്ക്, സ്‌റ്റീവന്‍ സ്‌മിത്ത് , ജോര്‍ജ് ബെയ്‌ലി എന്നിവര്‍ മധ്യ നിര കാക്കുബോള്‍ അവസാന ഓവറുകളില്‍ അടിച്ചു തകര്‍ക്കാന്‍ ജയിംസ് ഫോക്ക്നറും ഉണ്ട്.

ബോളിംഗാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. മിച്ചല്‍ സ്‌റ്റാര്‍ക്കും മിച്ചല്‍ ജോണ്‍സണുമാണ് എതിരാളികളെ ഭയപ്പെടുത്തുന്ന പേസര്‍മാര്‍. ആറ് കളികളില്‍ നിന്നായി16 വിക്കറ്റുകള്‍ സ്‌റ്റാര്‍ക്ക് സ്വന്തമാക്കിയപ്പോള്‍ ജോണ്‍സണ്‍ 9 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മധ്യ ഓവറുകളില്‍ റണ്‍സ് നിയന്ത്രിച്ച് പന്തെറിയാന്‍ കഴിവുള്ള ഫോക്ക്നറും ഓസ്ട്രേലിയയുടെ കരുത്താണ്.

ഓസ്ട്രേലിയന്‍ വീക്ക്‍നെസ്:-

     ഷെയ്‌ന്‍ വാട്ട്‌സണ് ഫോം കണ്ടെത്താന്‍ കഴിയാത്തതാണ് നിരാശജനകമായ ഒരു കാര്യം. പരുക്കേറ്റ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് കഴിവിനൊത്ത പ്രകടനം നടത്താന്‍ സാധിക്കാത്തതും മികച്ച സ്‌പിന്നര്‍മാര്‍ ഇല്ലാത്തതും ഓസ്ട്രേലിയയെ ബാധിക്കും. സ്വന്തം നാട്ടില്‍ കളി നടക്കുന്നതിന്റെ അതിസമ്മര്‍ദ്ദം അവരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.