ലങ്കയെ ചുട്ടെരിച്ച് ദക്ഷിണാഫ്രിക്ക സെമിയില്‍

Webdunia
ബുധന്‍, 18 മാര്‍ച്ച് 2015 (14:39 IST)
പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് ജയത്തോടെ സെമിയിലെത്തി. ലങ്ക ഉയര്‍ത്തിയ 134 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. 57 പന്തുകളില്‍ നിന്ന് 78 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് ജയം എളുപ്പമാക്കിയത്. നാല് വിക്കറ്റ് നേടിയ ഇമ്രാന്‍ താഹിറാണ് കളിയിലെ താരം.

നേരത്തെ ഹാട്രിക് നേടിയ ജീന്‍ പോള്‍ ഡുമിനിയുടെയും നാല് വിക്കറ്റ് നേടിയ ഇമ്രാന്‍ താഹിറിന്റെയും ആക്രമണത്തില്‍ ശ്രീലങ്ക 133 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഹാഷിം ആംലയും (16) ഡി കോക്കും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 40 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്. ഏഴാം ഓവറില്‍ ലങ്കന്‍ പേസര്‍ മലിംഗയ്‌ക്ക് വിക്കറ്റ് സമ്മാനിച്ച് അംല മടങ്ങുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയെ ഹാഫ് ഡുപ്ലെസി (21)  ഡി കോക്കിന് മികച്ച പിന്തുണ നല്‍കിയതോടെ അവര്‍ കാത്തിരുന്ന ജയം നേടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 94 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്.

ടോസ് നേടിയ ശ്രീലങ്കന നായകന്‍ എയ്ഞ്‌ജലോ മാത്യൂസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാതെ ഇറങ്ങിയ ഓപ്പണര്‍മാരായ തിലകരത്‌നെ ദില്‍‌ഷനും (0) കുശാല്‍ പെരേരയെയും (3) നാല് റണ്‍സെടുക്കുന്നതിനിടെ പുറത്താകുകയായിരുന്നു. റണ്‍സെടുക്കുന്നതിന് മുമ്പ് ദില്‍ഷനെ സ്റ്റെയ്‌ന്‍ പറഞ്ഞയച്ചപ്പോള്‍ പെരേരയെ കെയ്ല്‍ ആബോട്ടാണ് പുറത്താക്കിയത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന സംഗക്കാര ലഹിരു തിരുമന്നെ സഖ്യം ലങ്കയെ രക്ഷിക്കുമെന്ന് തോന്നിച്ചിരുന്നു.

തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചതിനാല്‍ സംഗക്കാര മെല്ലെപ്പോക്ക് തുടര്‍ന്നപ്പോള്‍ തിരുമന്നെ (41) സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമം നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 65 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ സ്‌കേര്‍ 69ല്‍ നില്‍ക്കെ ഇമ്രാന്‍ താഹിറിന് വിക്കറ്റ് സമ്മാനിച്ച് തിരുമന്നെ കൂടാരം കയറുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ മഹേള ജയവര്‍ധന (4) ഇമ്രാന്‍ താഹിറിന് തന്നെ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

പിന്നീടായിരുന്നു ജീന്‍ പോള്‍ ഡുമിനിയുടെ ഹാട്രിക്ക് നേട്ടം. എയ്ഞ്‌ജലോ മാത്യൂസ്  (19) നുവാന്‍ കുലശേഖര (1) കുശാല്‍ (0)‌ എന്നിവരാണ് ഡിമുനിക്ക് മുന്നില്‍ കീഴടങ്ങിയത്. തിസാര പെരേരയെ (0) ഇമ്രാന്‍ താഹിര്‍ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ലങ്കയ്ക്ക് ജയങ്ങള്‍ നേടിക്കൊടുത്ത സംഗക്കാര മോര്‍ണി മോര്‍ക്കലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയുമായിരുന്നു. 96 പന്തുകള്‍ നേരിട്ട സംഗ 45 റണ്‍സ് മാത്രമാണ് നേടിയത്. അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കുന്നതില്‍ മറ്റ് താരങ്ങള്‍ പരാജയപ്പെട്ടതാണ് ലങ്കയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. മലിംഗ ഇമ്രാന്‍ താഹിറിന് വിക്കറ്റ് സമ്മാനിച്ചതോടെ അവരുടെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.