കോഹ്ലിയും സ്റ്റീവ് സ്മിത്തും രക്ഷപ്പെട്ടു; പക്ഷേ ധോണിയ്ക്കും ഗെയ്‌ലിനും രക്ഷയില്ല - കാരണക്കാര്‍ ഇവരോ ?

Webdunia
വ്യാഴം, 20 ജൂലൈ 2017 (11:18 IST)
മഹേന്ദ്ര സിംഗ് ധോണിയ്ക്ക് തിരിച്ചടിയായി ഐസിസിയുടെ പുതിയ ക്രിക്കറ്റ് നിയമം. ബാറ്റിന്റെ വീതിയും നീളവും സംബന്ധിച്ച് മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ(എംസിസി) പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാവുന്നതാണ് ക്രിക്കറ്റിലെ വമ്പനടിക്കാരായ ധോണി ഉള്‍പെടെയുള്ള താരങ്ങള്‍ക്ക് തിരിച്ചടിയാകുക. നിലവില്‍ ധോണിയുടെ ബാറ്റിന് 45 മില്ലി മീറ്റര്‍ എഡ്ജ് ആണ് ഉളളത്. ഇത് 40 മില്ലിമീറ്ററായി കുറക്കണമെന്ന എംസിസിയുടെ പുതിയ നിയമം മൂലം ബാറ്റ് മാറ്റേണ്ടി വരുന്ന അവസ്ഥയാണ് ധോണിക്കുള്ളത്.
 
ധോണിക്ക് മാത്രമല്ല വാര്‍ണര്‍, ഗെയ്‌ല്‍, പൊള്ളാര്‍ഡ് എന്നിവര്‍ക്കും ഈ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാവുന്നതോടെ ബാറ്റ് മാറ്റേണ്ടിവരും. അതേസമയം, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സ് , ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം ഇപ്പോള്‍ എംസിസി നിര്‍ദേശിക്കുന്ന പരിധിക്കുള്ളിലെ ബാറ്റാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഈ പുതിയ നിര്‍ദേശം ഇവരെ ബാധിക്കില്ല. 
 
കഴിഞ്ഞ മാര്‍ച്ചിലാണ് എംസിസി (മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്) ഈ നിയമം പ്രഖ്യാപിച്ചത്. വരുന്ന ഒക്ടോബറോടെയാണ് ഈ നിയമം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ വരുക. ഇതോടെ ധോണി ഉള്‍പ്പടെയുള്ള വമ്പനടിക്കാര്‍ക്കെല്ലാം തങ്ങളുടെ നിലവിലെ ബാറ്റ് മാറ്റേണ്ടി വരും. മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ്ങ്, കുമാര്‍ സംഗക്കാര എന്നിവരുള്‍പ്പെടുന്ന വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയാണ് ഈ പരിഷ്കാരങ്ങള്‍ക്ക് ശുപാര്‍ശ നല്കിയിരിക്കുന്നത്. ബാറ്റ് സംബന്ധിച്ച ഏകീകരണം കൊണ്ടുവരാനാണ് ഇതിലുടെ ലക്ഷ്യമിടുന്നത്. 
Next Article