സച്ചിന്‍റെ മധുര പതിനെട്ട്.

PTIPTI
ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ബാറ്റിനു മധുര പതിനെട്ടാണ്. ക്രിക്കറ്റിലെ ഒട്ടു മിക്ക ഷോട്ടുകളും പുറത്തെടുക്കുന്ന സച്ചിന്‍റെ ചേതോഹരമായ ബാറ്റിംഗ് കാണുന്നതു തന്നെ ആകര്‍ഷണീയമാണ്.

കളി തോറ്റാലും പരമ്പര കൈ വിട്ടാലും മറ്റാരെ ടീമില്‍ നിന്നു മാറ്റി നിര്‍ത്തിയാലും സച്ചിനെ മാറ്റി നിര്‍ത്തുന്നതിനെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനു ചിന്തിക്കാന്‍ പോലും കഴിയാറില്ല.

പാകിസ്ഥാനെതിരെ കഴിഞ്ഞ പരമ്പരയില്‍ റണ്‍ മഴ തീര്‍ത്ത ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രിക്കറ്റില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കിയത് ആരും അറിഞ്ഞു പോലുമില്ല.

1989 നവംബര്‍ 15 ന് ടെസ്റ്റ് ക്രിക്കറ്റിലൂടെ അരങ്ങേറിയ സച്ചിന്‍ ഏകദിന പരമ്പയിലെ നാലാമത്തെ മത്സരം കളിച്ചപ്പോള്‍ തിളക്കാമാര്‍ന്ന കരിയറില്‍ മധുര പതിനെട്ട് വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്.

ഏകദിനത്തിനായി പിന്നെയും ഒരു മാസം കൂടിയെടുത്ത സച്ചിന്‍റെ 18 ന്‍റെ കണക്കുകള്‍ രസകരമാണ്. പതിനെട്ടാം വര്‍ഷം പൂര്‍ത്തീകരിച്ച ഗ്വാളിയോറിലെ മത്സരത്തില്‍ സച്ചിന്‍ സെഞ്ച്വറിക്കു മൂന്നു റണ്‍സ് പിന്നില്‍ പുറത്തായതാണ് ഒന്നാമത്തെ അവിസ്മരണീയത.

1992 നവംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പതിനെട്ടാം മത്സരം കളിച്ച സച്ചിന്‍ തേഡ് അമ്പയറുടെ തീരുമാനത്തില്‍ പുറത്തായ ആദ്യ ബാറ്റ്‌സ്മാനായി.

സച്ചിന്‍റെ പതിനെട്ടാം അര്‍ദ്ധ ശതകത്തില്‍ 83 റണ്‍സുണ്ടായിരുന്നു. വെസ്റ്റിന്‍ഡീസിനെതിതിരെ കളിച്ച മത്സരത്തില്‍ നായകനായിരുന്ന സച്ചിനെ ഇയാന്‍ ബിഷപ്പ് സ്വന്തം പന്തില്‍ പിടികൂടി.

മല്‍സരം സമനിലായായെന്നതാണ് മറ്റൊരു കൌതുകം. സച്ചിന്‍ പതിനെട്ടാം ടെസ്റ്റ് ശതകം കണ്ടെത്തിയ മത്സരം ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലായിരുന്നു നടന്നത് 12 റണ്‍സിനു ഈ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു.

ഏകദിനത്തില്‍ സച്ചിന്‍ പതിനെട്ടാം റണ്‍സില്‍ എത്തിയത് 1989 നവംബറില്‍ പകിസ്ഥാനെതിരെയായിരുന്നു. 1991 ഡിസംബറില്‍ പതിനെട്ടാം ഇന്നിംഗ്‌സ് കളിച്ച സച്ചിന്‍ ബ്രൂസ് റീഡിനു മുന്നിലാണ് പരാജയപ്പെട്ടത്.

ധാക്കയില്‍ ബംഗ്ലാദേശിനെ ഇന്ത്യ ഒമ്പതു വിക്കറ്റിനു പരാജയപ്പെടുത്തിയ 200ല്‍ നടന്ന മത്സരത്തില്‍ ബംഗ്ലാബാറ്റ്‌സ്മാന്‍ മുഹമ്മദ് റഫീക്കായിരുന്നു സച്ചിന്‍റെ പതിനെട്ടാം വിക്കറ്റ്.

ഇന്ത്യ ഇന്നിംഗ്‌സിനും 15 റണ്‍സിനും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ 1993 ഫെബ്രുവരിയില്‍ നടന്ന മത്സരത്തില്‍ ജോണ്‍ എംബുറിയായിരുന്നു സച്ചിന്‍റെ പതിനെട്ടാമത്തെ ക്യാച്ച്. ഈ എംബുറി തന്നെ പുതിയ പരിശീലകനെ തേടിയപ്പോള്‍ ഇന്ത്യന്‍ ബോര്‍ഡിനു മുന്നില്‍ അഭിമുഖത്തിനെത്തിയിരുന്നു.

നായകനായും അല്ലാതെയും സച്ചിന്‍ പതിനെട്ടാം വിജയം ആഘോഷിച്ചത് ന്യൂസിലന്‍ഡിനെതിരെയായിരുന്നു. 1999 ഒക്ടോബറില്‍ കാണ്‍ പൂരില്‍ നായകനായും നായകനല്ലാതെ ഗ്രീന്‍ പാര്‍ക്കില്‍ വച്ചും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്‍റെ പതിനെട്ടാം പരാജയം.

ന്യൂസിലാന്‍ഡിനെതിരെ മൊഹാലിയില്‍ നായകനായി കളിച്ച പതിനെട്ടാം മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ 126 റണ്‍സ് അടിച്ചു പുറത്താകാതെ നിന്ന സച്ചിന്‍ മത്സരം സമനിലയിലാക്കി.

മൂന്നു തവണ 18 ല്‍ പുറത്തായ സച്ചിന്‍ ഒരു മത്സരം ജയിപ്പിക്കുകയും ഒരു മത്സരം സമനിലയിലാക്കുകയും ഒരു മത്സരം പരാജയപ്പെടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക