സ്‌മിത്തിന് നമ്പര്‍ ഒന്നിന്‍റെ തിളക്കം

Webdunia
ശനി, 15 മാര്‍ച്ച് 2008 (15:13 IST)
WDFILE
ഓസീസില്‍ നിന്ന് ഐ‌സിസി ഏകദിന റാങ്കിലെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത ദക്ഷിണാഫ്രിക്കയ്‌ക്ക് ഇരട്ടി മധുരം!. ബാറ്റ്‌സ്‌മാന്‍‌മാരുടെ റാങ്കിങ്ങില്‍ അവരുടെ നായകന്‍ ഗ്രേയം സ്‌മിത്ത് മാസ്റ്റര്‍ ബാറ്റ്‌സ്‌മാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയെടുത്തത് അവര്‍ക്ക് ഇരട്ട നേട്ടം ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയില്‍ മൊത്തം 199 റണ്‍സ് നേടിയതാണ് കരിയറിലെ ഉയര്‍ന്ന റാങ്കിങ്ങ് ലഭിക്കുവാന്‍ സ്‌മിത്തിനെ സഹായിച്ചത്. പരമ്പര തുടങ്ങുമ്പോള്‍ സ്‌മിത്തിന് 753 പോയിന്‍റാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 792 പോയിന്‍റുണ്ട്

എന്നാല്‍, ബംഗ്ലാദേശിനെതിരെയുള്ള പ്രകടനത്തിന്‍റെ ഫലമായി അധികമായി ലഭിച്ച 39 പോയിന്‍റാണ് അദ്ദേഹത്തിനെ കരിയറിലെ മികച്ച റാങ്കിംഗ് ലഭിക്കുവാന്‍ സഹായിച്ചത്. ടെസ്റ്റ് റാങ്കില്‍ സ്‌മിത്ത് ഇപ്പോള്‍ പതിനാലാം സ്ഥാനത്താണ്

ഓസ്‌ട്രേലിയന്‍ മണ്ണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച രണ്ടാം സ്ഥാനത്തുള്ള സച്ചിന് 777 പോയിന്‍റുണ്ട്. കംഗാരു നായകന്‍ പോണ്ടിംഗ് മൂന്നാം സ്ഥാനത്താണ്. 770 പോയിന്‍റുണ്ട്. 752 പോയിന്‍റുള്ള പാക് ബാറ്റ്‌സ്‌മാന്‍ മുഹമ്മദ് യൂസഫ് നാലാംസ്ഥാനത്താണ്. ഇന്ത്യന്‍ നായകന്‍ ധോനി പത്താം സ്ഥാനത്താണ്. 728 പോയിന്‍റാണ് ധോനിയ്‌ക്ക് ലഭിച്ചത്.

ബൌളര്‍മാരില്‍ കിവീസിന്‍റെ വെറ്റോറിക്കാണ് ഒന്നാം സ്ഥാനം. 790 പോയിന്‍റ്. ഇംഗ്ലണ്ടിന്‍റെ മണ്ണില്‍ മികച്ച ബൌളിംഗ് പ്രകടനം കാഴ്ചവെച്ചതാണ് വെറ്റോറിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ഇന്ത്യയ്‌ക്കെതിരെ മിന്നുന്ന ബൌളിംഗ് നടത്തിയ ഓസീസ് ബൌളര്‍ ബ്രാക്കന്‍ 770 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്തുണ്ട്.