സ്വീകരണമുറിയിലെ താരങ്ങളും ക്രിക്കറ്റ് കളിക്കുന്നു

Webdunia
വെള്ളി, 10 മെയ് 2013 (17:05 IST)
PRO
ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ 'ആത്മ'യും ക്രിക്കറ്റ് കളിക്കാന്‍ പാഡണിയുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ നാല്പതോളം താരങ്ങള്‍ പങ്കെടുത്തതില്‍ നിന്നും 14 പേരെ തിരഞ്ഞെടുത്തു.

മലയാളിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീം അംഗവുമായ പ്രശാന്ത് പരമേശ്വരന്റെ ബൗളിങ്ങില്‍ ബാറ്റ് ചെയ്തുകൊണ്ട് മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറാണ് ട്രയല്‍സ് ഉദ്ഘാടനം ചെയ്തത്. മുന്‍ കേരളതാരവും കോച്ചുമായിരുന്ന പി രംഗനാഥനും മുന്‍ കേരളതാരവും എസ്ബിടി ക്രിക്കറ്റ് ടീം സെലക്ടറുമായ സുധീഷുമാണ് ടീമിനെ തിരഞ്ഞെടുത്തത്. ദിനേശ് പണിക്കര്‍ മാനേജരായ ടീമിന്റെ നായകന്‍ കിഷോര്‍ സത്യയാണ്.

രാജേഷ് ഹെബ്ബാര്‍ ഉപനായകനും. സാജന്‍ സൂര്യ, അന്‍സില്‍, ഷോബി തിലകന്‍, അനൂപ്, സന്തോഷ് ശശിധരന്‍, രഞ്ജിത്, ജിഫിന്‍, സന്തോഷ് കെ, സുമേഷ്, രാജ്കുമാര്‍, മനോജ് ആര്‍ നായര്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ടിവി താരങ്ങള്‍ക്കായി സിസി‌എല്‍ മാതൃകയില്‍ ജൂലൈയില്‍ ചെന്നൈയില്‍ നടക്കുന്ന സ്റ്റാര്‍ ക്രിക്കറ്റ് ലീഗിന് മുന്നോടിയായാണ് ആത്മ ടീം രൂപവത്കരിച്ചത്