സച്ചിന് ഇ-ബേ യിലും റെക്കോഡ്

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2009 (19:10 IST)
PRO
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഓണ്‍ ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇ ബേയിലും റെക്കോഡ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം സച്ചിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലന ക്യാമ്പാണ് ഇ ബേയില്‍ റെക്കോഡ് തുകയ്ക്ക് ലേലത്തില്‍ പോയത്.

സച്ചിന്‍റെ ഭാര്യാ മാതാവ് അന്നബേല്‍ മേത്ത പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ അപ്നാലയ ചാരിറ്റിക്ക് വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥമായിരുന്നു സച്ചിന്‍റെ പരിശീ‍ലന ക്യാമ്പ് ഇ ബേയില്‍ ലേലത്തിന് വെച്ചത്. പന്ത്രണ്ട് ലക്‍ഷത്തിനാണ് ക്യാമ്പ് ലേലത്തില്‍ പിടിച്ചത്. ഇ ബേയുടെ നാല് വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകയാണിത്.

വേള്‍പൂള്‍ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളും മുംബൈയിലെ ഒരു ജീ‍വകാരുണ്യ പ്രവര്‍ത്തകനും ചേര്‍ന്നാണ് ക്യാമ്പ് ലേലത്തില്‍ പിടിച്ചത്. ഇരുവരും ആറ് ലക്ഷം രൂപ വീതമാണ് മുടക്കുക. 99 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ഇന്‍റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും പരിപാടിക്ക് പ്രചാരണം നല്‍കിയിരുന്നു. ഈ മാസം മുതല്‍ 2010 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏത് സമയത്തും ക്യാമ്പ് നടത്താം.

ഇരുവര്‍ക്കും പതിന്നാല് പേരെ വീതം ക്യമ്പില്‍ പങ്കെടുപ്പിക്കാം. രാവിലെ 9 മുതല്‍ ഉച്ച വരെയായിരിക്കും ക്യാമ്പിന്‍റെ സമയം പങ്കെടുക്കുന്നവര്‍ക്ക് സച്ചിനുമൊത്ത് ഫോട്ടോയെടുക്കാനും ഉച്ചഭക്ഷണം കഴിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.