വിജയമധുരം നുകര്‍ന്ന് ഇന്ത്യ ഫൈനലില്‍

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2009 (10:46 IST)
PTI
ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ന്യൂസീലാന്‍ഡിനെ ആറു വിക്കറ്റിന് തോല്‍‌പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 46.3 ഓവറില്‍ 155 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ 40.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്‍ഷ്യം കാണുകയായിരുന്നു. ഇതോടെ ഏകദിന റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ (46), സുരേഷ് റെയ്‌ന(45നോട്ടൗട്ട് ), ക്യാപ്റ്റന്‍ ധോനി ( 35 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ കിവികളുടെ മേല്‍ ചിറകുവിരിച്ച് പറന്നത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണര്‍മാരായ മക്‍കെല്ലത്തിനെയും റൈഡറെയും വിക്കറ്റിന് മുന്നില്‍ കുരുക്കി നെഹ്‌റയാണ് ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നല്‍കിയത്.


തുടര്‍ന്ന് കിവീസിന് വേണ്ടി ക്രീസിലിറങ്ങിയ ആര്‍ക്കും ശോഭിക്കാനായില്ല. 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ വെറ്റോറിയാണ് കിവീസ് നിരയിലെ ടോപ് സ്കോറര്‍. ഒടുവില്‍ നാല്‍‌പത്തിയാറാം ഓവറില്‍ 155 റണ്‍സിനൊ ന്യൂസിലാന്‍ഡിന്‍റെ ബാറ്റിംഗ് അവസാനിച്ചു. നെഹ്‌റയും യുവരാജ് സിംഗും മൂന്ന് വിക്കറ്റുകള്‍ വീതവും ആര്‍ പി സിംഗും ഇഷാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ദിനേശ് കാര്‍ത്തികിന്‍റെ വിക്കറ്റ് ആദ്യമേ നഷ്ടമായി. എന്നാല്‍ സച്ചിന്‍റെയും ധോനിയുടേയും റെയ്നയുടെയും പ്രകടനത്തിന്‍റെ ബലത്തില്‍ നാല്‍‌പതാം ഓവറില്‍ ഇന്ത്യ വിജയം കാണുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ഏകദിനത്തില്‍ തിരിച്ചെത്തിയ ദ്രാവിഡിന് ശോഭിക്കാനായില്ല. 45 പന്തില്‍ നിന്ന് 14 റണ്‍സ് മാത്രമായിരുന്നു ദ്രാവിഡിന്‍റെ സംഭാവന. നെഹ്‌റയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.