രാജ്യംവിട്ടതിന് ലളിത് മോഡിക്ക് നോട്ടീസ്

വെള്ളി, 24 ഏപ്രില്‍ 2009 (12:34 IST)
കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടതിന് ഐപി‌എല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് രാജസ്ഥാന്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതിയുടെ പരിഗണനയിലുള്ള ഒരു വഞ്ചനാകേസില്‍ ജാമ്യം നേടിയ മോഡി ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

സുരക്ഷാ കാരണങ്ങളാല്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ചുനട്ട ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റിന്‍റെ നടത്തിപ്പിനായി മോഡി ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ്. ടൂര്‍ണ്ണമെന്‍റിന്‍റെ വേദി നിശ്ചയിക്കാന്‍ മോഡി നേരത്തെ ഇംഗ്ലണ്ടിലേക്കും യാത്ര ചെയ്തിരുന്നു. ജസ്റ്റിസ് എസ്പി പഥക് ആണ് മോഡിയോട് ജാമ്യം റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജയ്പൂര്‍ സ്ഫോടനത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് വിതരണം ചെയ്യാമെന്നേറ്റിരുന്ന പണം മോഡി നല്‍കിയില്ലെന്ന് കാണിച്ച് നാഗ്‌രിക് മോര്‍ച്ച നല്‍കിയ വഞ്ചനാകേസുമായി ബന്ധപ്പെട്ടാണ് കോടതി മോഡിയോട് വിശദീകരണം ആരാഞ്ഞിരിക്കുന്നത്. ഐപിസി വകുപ്പ് പ്രകാരം കള്ളയൊപ്പിടലും (സെക്ഷന്‍ 427) വഞ്ചനാകുറ്റവും(സെക്ഷന്‍ 420) ആണ് മോഡിക്കെതിരെ ഈ കേസില്‍ ചുമത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജ സിന്ധ്യയ്ക്ക് മോഡി ആറ് കോടിയുടെ ചെക്ക് നല്‍കിയിരുന്നെങ്കിലും പണം നിക്ഷേപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നുള്‍പ്പെടെയുള്ള ഉപാധികളോടെയായിരുന്നു മോഡിക്ക് കേസില്‍ കോടതി ജാമ്യം അനുവദിച്ചത്.

വെബ്ദുനിയ വായിക്കുക