പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയ 369 റണ്‍സിന് പുറത്ത്. ടീം ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് 208 റണ്‍സിന്റെ ലീഡ് ആണുള്ളത്. വന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഓസ്ട്രേലിയയെ ഉമേഷ് യാദവിന്റെ മികച്ച ബൌളിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ടീം ഇന്ത്യ പിടിച്ചുകെട്ടിയത്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 161 റണ്‍സ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഓസ്ട്രേലിയ ഇന്ന് രാവിലെ മറികടന്നിരുന്നു. എന്നാല്‍ അതിന് ശേഷം എഡ്‌കോവന്‍(74), ഷോണ്‍ മാര്‍ഷ്(11), റിക്കി പോണ്ടിംഗ്(7) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി ഉമേഷ് യാദവ് ടീം ഇന്ത്യക്ക് ആശ്വാസം നല്‍കി. ഉമേഷ് യാദവ് മൊത്തം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ (69 പന്തുകളില്‍ നിന്ന്) സെഞ്ച്വറിയടിക്കുന്ന ഓപ്പണര്‍ എന്ന ലോക റെക്കോര്‍ഡ് കഴിഞ്ഞ ദിവസം നേടിയ വാര്‍ണറുടെ വിക്കറ്റ് വീഴ്ത്തിയത് ഇഷാന്ത് ശര്‍മ്മയാണ്. വാര്‍ണര്‍ 180 റണ്‍സ് ആണ് എടുത്തത്. ക്ലാര്‍ക്കിനെയും (18), ഹഡിനെയും (0) സഹീര്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ ഹസിയുടെ പവലിയനിലേക്ക് മടക്കിയച്ചത് വിനയ് കുമാര്‍ ആണ്. ഹില്‍ഫനോസിനെ സെവാഗ് പുറത്താക്കി.
മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ടീം ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യക്ക് 161 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. വിരാട് കോഹ്‌ലി ( 44), വി വി എസ് ലക്ഷ്മണ്‍ (31), ഗൌതം ഗംഭീര്‍ (31) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്.
ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ടീം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍ സെവാഗ് റണ്‍സ് ഒന്നും എടുക്കാതെ മടങ്ങി. ദ്രാവിഡ് ഒമ്പത് റണ്‍സ് മാത്രമാണ് എടുത്തത്. സച്ചിന്‍ 15 റണ്‍സ് എടുത്ത് പുറത്തായി.
ധോണി (12), വിനയ് കുമാര്‍ (5), സഹീര്‍ ഖാന്‍ (2), ഇഷാന്ത് ശര്‍മ്മ (3), ഉമേഷ് യാദവ് (പുറത്താകാതെ 4) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്കോര്‍.
ഓസ്ട്രേലിയക്ക് വേണ്ടി ഹില്‍ഫനോസ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. സിഡില്‍ മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.