മുരളിക്ക് നാടിന്‍റെ ആദരം

Webdunia
PTIPTI
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് രാജ്യത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്കാരം സമ്മാനിച്ചു. കൊളംബോയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹേന്ദ രാജ്പക്സെയാണ് മുരളിക്ക് പുരസ്കാരം നല്‍കി ആദരിച്ചത്.

കഴിഞ്ഞ പതിനാറ് വര്‍ഷമായി ലങ്കന്‍ ആക്രമണത്തിന് നേതൃത്വം വഹിക്കുന്ന മുരളി തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ചത് കഴിഞ്ഞ സീസണിലായിരുന്നു. കാന്‍ഡിയില്‍ 2007 ഡിസംബറില്‍ ഇംഗ്ലണ്ടിന് എതിരെ നടന്ന ടെസ്റ്റിലാണ് ഷേയിന്‍ വോണിന്‍റെ 708 വിക്കറ്റ് എന്ന ലോക റെക്കോഡ് മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മുരളി മാറിയത്. ഈ നേട്ടം കൈവരിച്ചതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷത്തെ എറ്റവും മികച്ച ശ്രീലങ്കന്‍ കായികതാരമായി മുരളിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇതിന് മുന്‍പ് 2004 മെയിലും മുരളി കോര്‍ട്നി വാല്‍‌ഷിനെ മറികടന്ന് ലോക റെക്കോഡ് നേടിയിരുന്നെങ്കിലും വോണ്‍ പിന്നീട് വിക്കറ്റ് വേട്ടയില്‍ മുരളിയെ പിന്നിലാക്കുകയായിരുന്നു. നിലവില്‍ 120 മാച്ചുകളില്‍ നിന്ന് 735 വിക്കറ്റാണ് മുരളിയുടെ സമ്പാദ്യം. ഐസിസി ടെസ്റ്റ് ബൌളര്‍മാരുടെ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്താണ് മുരളി.