മാലിക്കും യൂനിസും ഐ പി എല്ലില്‍

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2007 (10:04 IST)
FILEFILE

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പണക്കൊഴുപ്പായ പ്രീമിയര്‍ലീഗ് ക്രിക്കറ്റിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര താരങ്ങള്‍ എത്തുന്നു. പാകിസ്ഥാന്‍ നായകന്‍ ഷൊഹൈബ് മാലിക്ക് സഹ താരങ്ങളായ യൂനിസ് ഖാന്‍, മൊഹമ്മദ് ആസിഫ് ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ മക്കുലം എന്നിവരാണ് കഴിഞ്ഞ ദിവസം കരാറിലെത്തിയത്.

പാകിസ്ഥാന്‍ കിവീസ് താരങ്ങളുടെ കരാറോടെ ഐ പി എല്ലില്‍ എത്തിയ അന്താരാഷ്ട്ര താരങ്ങളുടെ എണ്ണം 29 ആയി ഉയര്‍ന്നു. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ മൂന്നു ടെസ്റ്റുകള്‍ക്കായുള്ള ഇന്ത്യന്‍ സന്ദര്‍ശനത്തിനു ശേഷം ഏപ്രിലില്‍ 16 നാണ് പ്രീമിയര്‍ ലീഗ് തുടങ്ങുക. രണ്ട് സെമിഫൈനലും ഒരു ഫൈനലുമായി 44 ദിവസങ്ങളിലായി 59 മത്സരങ്ങള്‍ ഉണ്ടാകും

അതേ സമയം ഐ പി എല്‍ പ്രഖ്യാപിച്ചിരിക്കുന്നത് മോശമായ കരാറാണെന്ന ന്യൂസിലാന്‍ഡ് പ്ലേയേഴ്‌സ് കൌണ്‍സില്‍ പറഞ്ഞെന്ന ആരോപണം ബി സി സി ഐ ഉപാദ്ധ്യക്ഷന്‍ ലളിത് മോഡി നിഷേധിച്ചു. ഇത്തരത്തിലൊരു ആരോപണം ആരുടെ ഭാഗത്തു നിന്നെങ്കിലും ഉണ്ടായതായി അറിവില്ലെന്നാണ് മോഡി വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചു പറയാന്‍ മോഡി തയ്യാറായില്ല.

ഒരു ദിവസം രണ്ടു മത്സരങ്ങള്‍ വീതം വിവിധ സ്റ്റേഡിയങ്ങളില്‍ നടക്കും. എട്ടു ഫ്രാഞ്ചൈസികളാണ് ടീമുകളെ സ്പോണ്‍സര്‍ ചെയ്യുന്നത്. ഫ്രാഞ്ചൈസികള്‍ തമ്മിലാണ് കളിക്കാരെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ നടത്തുക. ട്രാന്‍സ്ഫര്‍ തുകകളും ഫ്രാഞ്ചൈസികള്‍ തമ്മിലാണ് കൈമാറുന്നത്. 2008 ഏപ്രില്‍ മെയ് മാസങ്ങളില്‍ പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങളെ പ്രീമിയര്‍ ലീഗ് ബാധിക്കില്ലെന്നും മോഡി വ്യക്തമാക്കി.