താന്‍ തെറ്റുകാരനല്ലെന്ന് ശ്രീശാന്ത്

വെള്ളി, 17 മെയ് 2013 (08:56 IST)
PRO
PRO
ഒത്തുകളി വിവാദത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് ശ്രീശാന്ത്. ശ്രീശാന്തിനെതിരേ തെളിവുകളില്ലെന്ന് അഭിഭാഷകര്‍ വിശദീകരിച്ചു.

കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് തന്റെ തെറ്റ് എന്ന് പറഞ്ഞിട്ടില്ല. കോടതിയില്‍നിന്നും നടന്നു പോകുമ്പോള്‍ തന്റെ തെറ്റല്ല എന്നാണു പറഞ്ഞതെന്നും ശബ്ദം അവ്യക്തമായതാകാം ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് ശ്രീശാന്ത് പറഞ്ഞു.

നേരത്തെ ശ്രീശാന്ത് എന്റെ പിഴയെന്ന് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ശ്രീശാന്തിനെയും മറ്റു രണ്ടുപേരെയും കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് ഡല്‍ഹി സാകേത് കോടതി സമുച്ചയത്തിലെ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് പൊലീസ് ശ്രീശാന്തിനെ ഹാജരാക്കിയത്. ശ്രീശാന്തിനെയും മറ്റു രണ്ടുപേരെയും ചോദ്യം ചെയ്യലിനു വിട്ടുനല്‍കണമെന്നു പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടയില്‍ വാതുവെപ്പില്‍ പങ്കാളിയായിട്ടില്ലെന്നായിരുന്നു ശ്രീശാന്തിന്റെ അമ്മയുടെ പ്രതികരണം. തന്നോട് ഫോണില്‍ ശ്രീശാന്ത് ഇക്കാര്യം പറഞ്ഞുവെന്നും അമ്മ സാവിത്രി ദേവി വ്യക്തമാക്കി. സുഹൃത്ത് ജിജുവിനെപ്പറ്റി മോശം അഭിപ്രായമില്ലെന്നും ശ്രീശാന്ത് പറഞ്ഞതായി അമ്മ പറഞ്ഞു. ഐപിഎല്‍ ക്രിക്കറ്റില്‍ വാതുവെച്ചെന്ന കുറ്റത്തിന് ശ്രീശാന്തിനെയും മറ്റ് രണ്ട് താരങ്ങളെയും വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഡല്‍ഹി പോലീസ് മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക