ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് പരമ്പര. രണ്ടാം ഇന്നിംഗ്‌സില്‍ 58 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്‌ഷ്യം കണ്ടു. പരമ്പര നേട്ടത്തോടെ ജാക്ക് കാലിസിന് വീരോചിതമായ വിരമിക്കലാണ് ടീം സമ്മാനിച്ചത്. 27 റണ്‍സെടുത്ത നായകന്‍ സ്മിത്തും 31 റണ്‍സെടുത്ത അല്‍വിറോ പീറ്റേഴ്‌സണുമാണ് ദക്ഷിണാഫ്രിക്കയെ വിജയിത്തിലെത്തിച്ചത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഏകദിന പരമ്പരയ്ക്ക് പിന്നാലെയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയും സ്വന്തമാക്കിയത്.
നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 223 റണ്‍സിന് അവസാനിച്ചിരുന്നു. 96 റണ്‍സെടുത്ത അജിങ്ക്യ രഹാനെ മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. പൂജാര 32ഉം രോഹിത് ശര്‍മ്മ 25ഉം റണ്‍സെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റോബിന്‍ പീറ്റേഴ്‌സണ്‍ നാല് വിക്കറ്റും ഡ്വെയില്‍ സ്റ്റെയ്ന്‍ ഫിലാന്‍ഡര്‍ എന്നിവര്‍ മൂന്നു വിക്കറ്റും വീഴ്ത്തി.
ഡര്‍ബന്‍ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 334 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ 500 റണ്‍സ് അടിച്ചുകൂട്ടി 166 റണ്‍സ് ലീഡ് നേടിയിരുന്നു. വിരമിക്കല്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജാക്ക് കാലിസിന്റെയും അല്‍വീറോ പീറ്റേഴ്‌സണ്‍, റോബിന്‍ പീറ്റേഴ്‌സണ്‍, ഡിവില്ലിയേഴ്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തിലായിരുന്നു ഒന്നാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ ലീഡ് നേടിയത്.