ട്വന്റി- ട്വന്റി ആറാം എഡിഷണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് വിജയത്തുടക്കം. പൂനെ വാരിയേഴ്സിനെതിരായ മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്സിനോട് പരാജയപ്പെട്ട പൂനെ വാരിയേഴ്സിന് പഞ്ചാബിനെതിരെയും പിടിച്ചുനില്‍ക്കാനായില്ല.
ടോസ് നേടിയ പൂനെ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ച തുടങ്ങിയ പൂനെ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുത്തു. എന്നാല്‍ പഞ്ചാബ് 46 പന്തും എട്ട് വിക്കറ്റും ശേഷിക്കേ ജയം ഗംഭീരമാക്കി.
പൂനെയ്ക്ക് വേണ്ടി അഭിഷേക് നായര്‍ 25 നോട്ടൗട്ട്, റോബിന്‍ ഉത്തപ്പ 19, മാര്‍ഷ് 15, റോസ് ടെയ്‌ലര്‍ 15 എന്നിവരാണ് അല്പമെങ്കിലും പൊരുതിയത്. പഞ്ചാബിന് വേണ്ടി മനാന്‍ വോറ 43 നോട്ടൗട്ട്, മന്‍ദീപ്‌സിംഗ് 31 എന്നിവരുടെ ബാറ്റിംഗാണ് വിജയം എളുപ്പമാക്കിയത്.
ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ഹൈദരാബാദ് വിജയം നേടി. സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശകരമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് കീഴ്പ്പെടുത്തുകയായിരുന്നു. ഹൈദരാബാദിനിത് തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
നിശ്ചിത ഇരുപത് ഓവറില്‍ ഇരുടീമും 130 റണ്‍സ് വീതമെടുത്ത് സമനില പാലിച്ചപ്പോഴാണ് സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. സൂപ്പര്‍ ഓവറില്‍ 20 റണ്‍സെടുത്ത സണ്‍റൈസേഴ്സിന് മറുപടിയായി റോയല്‍ ചലഞ്ചേഴ്സിന് 15 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളൂ.