ഛോട്ടാഷക്കീലിന്‍റെ ഹിറ്റ്‌ലിസ്റ്റില്‍ ലളിത് മോഡിയും

Webdunia
വെള്ളി, 3 ഏപ്രില്‍ 2009 (12:54 IST)
അധോലോക നായകന്‍ ഛോട്ടാ ഷക്കീലിന്‍റെ ഹിറ്റ് ലിസ്റ്റില്‍ ഐപി‌എല്‍ ചെയര്‍മാന്‍ ലളിത് മോഡിയും ഉള്‍പ്പെട്ടിരുന്നതായി സൂചന. കഴിഞ്ഞ ദിവസം പിടിയിലായ ഷക്കീലിന്‍റെ വാടക കൊലയാളി റഷീദ് മലബാറി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവാദ പ്രസംഗം നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി ശ്രീരാംസേന തലവന്‍ പ്രമോദ് മുതലിക് തുടങ്ങിയവരെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റഷീദ് മലബാറി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ലളിത് മോഡിയുടെ പേരും പുറത്തുവന്നത്.

മോഡിയോട് ഛോട്ടാ ഷക്കീലിന് വിരോധം വരാന്‍ എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല. ഷക്കീല്‍ പണം ആവശ്യപ്പെട്ടിട്ട് മോഡി നല്‍കാന്‍ വിസമ്മതിച്ചതായി സൂചനയുണ്ട്. ഇതേക്കുറിച്ച് മോഡിയുമായി ബന്ധപ്പെട്ടെങ്കിലേ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയൂ എന്ന് സുരക്ഷാ ഉദോഗസ്ഥര്‍ പറഞ്ഞു. ‌

ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിലുള്ള മോഡി ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം അദ്ദേഹവുമായി ഇക്കാര്യം സംസാരിക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഐപി‌എല്ലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കളിക്കാര്‍ക്ക് സുരക്ഷാ ഭീഷണി ഇല്ലെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്നാണ് റഷീദ് മലബാറിയെ പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശിയായ ഇയാള്‍ ഛോട്ടാ ഷക്കീലിന്‍റെ വിശ്വസ്ഥനായാണ് അറിയപ്പെടുന്നത്. ഛോട്ടാ രാജനെ കൊല ചെയ്യാന്‍ ബാങ്കോക്കിലേക്ക് ദാവൂദ് ഇബ്രാഹീം നിയോഗിച്ചത് റഷീദിനെയായിരുന്നു. ബംഗ്ലൂര്‍ സ്ഫോടനകേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.