സെലിബ്രിറ്റി ക്രിക്കറ്റില്‍ കേരള സ്ട്രൈക്കേഴ്സിന് കനത്ത പരാജയം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരള സ്ട്രൈക്കേസിനെ തെലുങ്ക് വാരിയേഴ്സ് ഒമ്പത് വിക്കറ്റിനാണ് കേരള സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് ഒമ്പത് വിക്കറ്റുകളുടെ നഷ്ടത്തിലാണ് 94 റണ്‍സാണെടുത്തത്. നവീന്‍ പോളിയുടെ പ്രകടനമാണ് (46) കേരള സ്ട്രൈക്കേഴ്സിനെ ഈ സ്കോറിലെങ്കിലുമെത്തിച്ചത്. മറുപടി ബാറ്റ് ചെയ്ത തെലുങ്ക് വാരിയേഴ്സ് ആദര്‍ശിന്റെ അര്‍ദ്ധ സെഞ്ച്വറി (52) പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഒരു വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ വിജയ ലക്‍ഷ്യം മറികടന്നു.
ടോസ് നേടിയ തെലുങ്ക് വാരിയേഴ്സ് നായകന്‍ വെങ്കിടേഷ് കേരള സ്ട്രൈക്കേഴ്സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മോഹന്‍ലാലിന് പകരം കേരള സ്ട്രൈക്കേഴ്സിനെ നയിച്ച രാജീവ് പിള്ളയും നവീന്‍ പോളിയും മികച്ച തുടക്കമാണ് കേരള സ്ട്രൈക്കേഴ്സിന് നല്‍കിയത്. ഇരുവരും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയപ്പോള്‍ കേരള സ്ട്രൈക്കേഴ്സ് മികച്ച സ്കോറിലെത്തുമെന്ന് കരുതിയതാണ്. എന്നാല്‍ രാജീവ് പിള്ള (16) പുറത്തായതോടെ തെലുങ്കുവാരിയേഴ്സ് കേരള സ്ട്രൈക്കേഴ്സിനെ വരുതിയിലാക്കി.
രാജീവ് പിള്ളയ്ക്ക് പകരമായി എത്തിയ ഉണ്ണി മുകുന്ദ് റണ്‍സ് ഒന്നും എടുക്കാതെ പുറത്തായി. പിന്നീട് വന്ന വിവേക് ഗോപന്‍, സൈജു കുറുപ്പ്, ബാല എന്നിവര്‍ക്കും റണ്‍സൊന്നും എടുക്കാനായില്ല. എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 63 എന്ന നിലയിലായിരുന്നു ഒരുഘട്ടത്തില്‍ കേരള സ്ട്രൈക്കേഴ്സ്. പിന്നീട് കലാഭവന്‍ പ്രജോദും നിവിന്‍ പോളിയും ചേര്‍ന്നാണ് കേരള സ്ട്രൈക്കേഴ്സിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. പ്രജോദ് 12 റണ്‍സെടുത്താണ് പുറത്തായത്. അനാവശ്യമായ റണ്‍സിന് ശ്രമിച്ച് പ്രജോദ് റണ്ണൌട്ട് ആകുകയായിരുന്നു.
തുടക്കത്തില്‍ മികച്ച നിലയില്‍ മുന്നേറിയ കേരള സ്ട്രൈക്കേഴ്സിനെ തകര്‍ത്തത് തെലുങ്കു വാരിയേഴ്സിന്റെ നന്ദ കിഷോറും ചരണ്‍ തേജയുമാണ്. നന്ദ കിഷോര്‍ നാല് വിക്കറ്റുകളും ചരണ്‍ തേജ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.