ഐപി‌എല്‍ മോഹവുമായി സല്‍മാനും

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2009 (17:45 IST)
PRO
ഐപി‌എല്‍ ടീം ഉടമയാകാന്‍ ബോളിവുഡില്‍ നിന്ന് മറ്റൊരു താരം കൂടി. സല്‍മാന്‍ ഖാനാണ് ഐപി‌എല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

ഷാരൂഖ് ഖാന്‍, പ്രീതി സിന്‍റ്‌, ശില്‍‌പ ഷെട്ടി എന്നിവര്‍ക്ക് ശേഷം ഐപി‌എല്‍ കളത്തിലെത്തുന്ന ജനപ്രിയ ബോളിവുഡ് താരമാണ് സല്‍മാന്‍. ടീമിനെ സ്വന്തമാക്കാനായി സല്‍മാന്‍ ഐപി‌എല്‍ ചെയര്‍മാന്‍ ലളിത് മോഡിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ടീം രൂപീകരിക്കുന്നതിനുള്ള നടപടികളായിരുന്നു പ്രധാന ചര്‍ച്ചയെന്ന് മോഡി അറിയിച്ചു.

പുതിയ ടീമുമായി രംഗപ്രവേശം ചെയ്യാനാണ് സല്‍മാന് താല്‍‌പര്യം. നിലവിലുള്ളവ വാങ്ങുന്നതിന് താരത്തിന് താല്‍‌പര്യമില്ലെന്നും മോഡി വെളിപ്പെടുത്തി. നിലവിലെ ടീമിനെ സ്വന്തമാക്കുന്നതിന് കഴിഞ്ഞ കൊല്ലത്തേതിലും ഇരട്ടി തുകയാണിന്ന്. ശില്‍‌പയും കൂട്ടുകാരനായ രാജ് കുന്ദ്രയും ചേര്‍ന്ന് 15 മില്യന്‍ ഡോളറിനാണ് രാജസ്ഥാന്‍ റോയല്‍‌സ് സ്വന്തമാക്കിയത്. ഇക്കുറി ഇത് 30 മില്യന്‍ ഡോളര്‍ വരെയെത്തുമെന്ന് മോഡി പറഞ്ഞു.

2011 ല്‍ ടീമുകളുടെ എണ്ണം ഉയര്‍ത്താന്‍ ഐപി‌എല്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സല്‍മാനും ഐപി‌എല്‍ മോഹമുദിച്ചതെന്നാണ് സൂചന. സല്‍മാന്‍ കൂടി ഐപി‌എല്‍ ഉടമയാകുന്നതോടെ ബോളിവുഡ്ഡിലെ സല്‍മാന്‍-ഷാരൂഖ് പോരിന് പുതിയ മാനം കൈവരുമെന്ന പ്രതീക്ഷയിലാണ് ഗോസിപ്പ് വീരന്‍‌മാര്‍.