കുട്ടിക്രിക്കറ്റിന്‍റെ രണ്ടാം വരവിനായി ക്രിക്കറ്റ് ലോകം കാതോര്‍ത്തു തുടങ്ങി. ഐപിഎല്‍ ടൂര്‍ണ്ണമെന്‍റിന് തിരശ്ശീല ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉദ്ഘാടന സീസണെ വെല്ലുന്ന വര്‍ണ്ണശബളിമയാണ് സംഘാടകര്‍ ദക്ഷിണാഫ്രിക്കയില്‍ ഒരുക്കിയിരിക്കുന്നത്.
ടൂര്‍ണ്ണമെന്‍റ് കടല്‍ കടന്നിട്ടും ഇന്ത്യയിലും ആവേശത്തിന് ഒട്ടും കുറവില്ല. പ്രിയ ടീമുകളുടെയും താരങ്ങളുടെയും വിജയത്തിനായി പ്രാര്‍ത്ഥനകളും നേര്‍ച്ചകളുമായി ആരാധകര്‍ ദിവസങ്ങള്‍ക്ക് മുമ്പേ സജീവമായിക്കഴിഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ മത്സരം ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയത് മൂലം ഗ്രൌണ്ടിലെ ആവേശത്തില്‍ പങ്ക് ചേരാനാവില്ലെന്ന വിഷമത്തിലാണ് പലരും.
വമ്പന്‍ ഹോട്ടലുകളിലും മറ്റും മത്സരങ്ങള്‍ വീക്ഷിക്കാനായി കൂറ്റന്‍ ടിവി സ്ക്രീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഉദ്ഘാടാന സീസണെ വെല്ലുന്ന കലാപരിപാടികളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ മണിച്ചെപ്പില്‍ മോഡിയും കൂട്ടരും ഇക്കുറി കാത്തുവെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ എന്തെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ടൂര്‍ണ്ണമെന്‍റ് വിദേശത്തേക്ക് മാറ്റിയെങ്കിലും ഓരോ ടീമും ആരാധകരെ ആവേശം കൊള്ളിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഐപിഎല്ലിന്‍റെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്ന ചിയര്‍ ഗേള്‍സിനെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അവര്‍ നഗരങ്ങളില്‍ ഇറക്കി. ഗാലറികളില്‍ ഇവര്‍ ഇക്കുറിയും ആവേശമുണര്‍ത്തുമെന്നാണ് സംഘാടകരുടെയും കണക്കുകൂട്ടല്‍.
ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4 ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. തുടര്‍ന്ന് അതേ ഗ്രൌണ്ടില്‍ രാജസ്ഥാന്‍ റോയല്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ഏറ്റുമുട്ടും.
മെയ് 21 ന് ഡെക്കാന്‍ ചാര്‍ജേഴ്സും ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മില്‍ പ്രിട്ടോറിയയില്‍ നടക്കുന്ന മത്സരത്തോടെയാണ് പ്രാഥമിക റൌണ്ടിന് തിരശീല വീഴുക. തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സെമിഫൈനലുകള്‍ നടക്കും. മെയ് 24 ഞായറാഴ്ച ജോഹന്നാസ്ബെര്‍ഗിലാണ് കിരീടപ്പോരാട്ടം.