ഇന്ത്യന്‍ ബൌളര്‍മാര്‍ ലങ്കയെ എറിഞ്ഞിട്ടു

Webdunia
PROPRO
ഓസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഏറെ നിര്‍ണ്ണായകമായ ശ്രീലങ്ക ഇന്ത്യാ മത്സരത്തില്‍ ബൌളര്‍മാരുടെ ശൌര്യം ലങ്കയെ തകര്‍ത്തു. ബൌളര്‍മാര്‍ നന്നായി പന്തെറിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയുടെ വെല്ലുവിളി 200 റണ്‍സില്‍ താഴെയാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക സമീപകാലത്തെ വലിയ തകര്‍ച്ച നേരിട്ടു.

ഇന്ത്യന്‍ ബൌലര്‍മാര്‍ ലൈനും ലെംഗ്തും കണ്ടെത്തിയപ്പോള്‍ ശ്രീലങ്കയുടെ വെല്ലുവിളി 47.1 ഓവറില്‍ 179 റണ്‍സിന് അവസാനിച്ചു. 57 റണ്‍സ് എടുത്ത കപുഗദരെ മാത്രമാണ് ലങ്കന്‍ ഇന്നിംഗ്‌സില്‍ അര്‍ദ്ധ ശതകം കടന്ന ഏക ബാറ്റ്‌സ്‌മാന്‍.

34 റണ്‍സ് എടുത്ത ജയസൂര്യയും 33 റണ്‍സ് എടുത്ത സംഗക്കാരയും ഇന്നിം‌ഗ്സിനു മാന്യത പകരാന്‍ ചില ശ്രമങ്ങള്‍ നടത്തെയെങ്കിലും പിന്നാലെ വന്നവര്‍ അത് പിന്തുടര്‍ന്നില്ല. ബാറ്റിംഗ് ആരംഭിച്ച ലങ്കയുടെ നടു ഒടിച്ചവരില്‍ പ്രധാനികള്‍ ഇഷാന്ത് ശര്‍മ്മയും പരമ്പരയില്‍ ആദ്യമായി ഫോം കണ്ടെത്തിയ ഓള്‍റൌണ്ടര്‍ പ്രവീണ്‍ കുമാറുമായിരുന്നു. രണ്ടു പേരും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തീയപ്പോള്‍ ഇര്‍ഫാന്‍ പത്താനും ഹര്‍ഭജനും ഓരോ വിക്കറ്റുകള്‍ പങ്കു വച്ചു.

സംഗക്കാര, ജയവര്‍ദ്ധനെ, ചമര സില്‍‌‌വ എന്നിവരെ പുറത്താക്കിയ പ്രവീണ്‍ കുമാര്‍ തന്നെയായിരുന്നു ഇന്ത്യന്‍ ബൌളിംഗിന്‍റെ നെടും തൂണ്‍. പിടിച്ചു നില്‍ക്കുകയായിരുന്ന സംഗക്കാരയെ ധോനിയുടെ കയ്യിലെത്തിച്ച പ്രവീണ്‍ പിന്നാലെ തന്നെ മൂന്ന് റണ്‍സ് എടുത്ത ജയവര്‍ദ്ധനെയെ രോഹിത് ശര്‍മ്മയുടെ കയ്യിലും റണ്‍സ് എടുക്കുന്നതിന് മുമ്പ് തന്നെ ചമരസില്‍‌‌വയെ ധോനിയുടെ കയ്യിലും എത്തിച്ചു. ഓപ്പണര്‍ പെരേരയെ എട്ട് റണ്‍സിന് മടക്കിയ ഇഷാന്ത് എട്ട് റണ്‍സ് എടുത്ത മദ്ധ്യനിരയിലെ അപകടകാരി ദില്‍‌‌ഷനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്തു.

വാലറ്റത്തായിരുന്നു ഇഷാന്തിന്‍റെ മറ്റു രണ്ട് വിക്കറ്റുകള്‍. വാസിനെ റണ്‍സ് എടുക്കുന്നതിനു മുമ്പ് ഗംഭീറിന്‍റെ കയ്യില്‍ എത്തിച്ച ഇഷാന്ത് 12 റണ്‍സ് എടുത്ത മലിംഗയെ ഉത്തപ്പയുടെ കയ്യിലും എത്തിച്ചു. അവസാന വിക്കറ്റായ മുരളീധരന്‍ പ്രവീണ്‍ കുമാറിന്‍റെ പന്തിലാണ് പുറത്തായത്. പിടിച്ചു നില്‍ക്കുകയായിരുന്ന കപുഗദുരയെ സ്വന്തം ബൌളിംഗില്‍ പത്താനായിരുന്നു പിടിച്ചത്. ജയസൂര്യയെ പത്താന്‍ ധോനിയുടെ കയ്യിലെത്തിച്ചു.


സ്കോര്‍ബോര്‍ഡ്