അജിത് അഗാര്‍ക്കറും ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

Webdunia
വ്യാഴം, 17 ഒക്‌ടോബര്‍ 2013 (08:55 IST)
PTI
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കറും ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
മുംബൈ രഞ്ജി ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് മുപ്പത്തഞ്ചുകാരനായ അഗാര്‍ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

16 വര്‍ഷമായി അഗാര്‍ക്കര്‍ രഞ്ജിയിലുണ്ട്. ഇതില്‍ എട്ടുതവണയും മുംബൈ ചാമ്പ്യന്‍മാരായി. 1998ല്‍ ഇന്ത്യന്‍ ടീമിലെത്തിയ ഈ ഓള്‍റൗണ്ടര്‍ 2007 വരെ കളിച്ചു.

26 ടെസ്റ്റും 191 ഏകദിനും നാലു ട്വന്റി-20യും ഇതിലുള്‍പ്പെടും. ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 50 വിക്കറ്റ് തികച്ചതിന്റെ റെക്കോഡും അഗാര്‍ക്കര്‍ ഭേദിച്ചിരുന്നു.ടെസ്റ്റില്‍ ഒരു സെഞ്ച്വറിയടക്കം 571 റണ്‍സും ഏകദിനത്തില്‍ മൂന്ന് അര്‍ധസെഞ്ച്വറിയടക്കം 1269 റണ്‍സും നേടി.

110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഈ മുംബൈക്കാരന്‍ കളിച്ചിട്ടുണ്ട്. 299 വിക്കറ്റ് നേടി. 270 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു.