ഇന്ത്യക്ക് നാണംകെട്ട തോൽവി; ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാന്

ഞായര്‍, 18 ജൂണ്‍ 2017 (22:46 IST)
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് കണ്ടവർക്കെല്ലാം നിരാശ തോന്നുന്നത് സ്വാഭാവികം. അത് സ്‌കൂൾ ക്രിക്കറ്റിന്റെ നിലവാരം പോലും പുലർത്തിയില്ല എന്ന സത്യം തിരിച്ചറിഞ്ഞതിന്റെ നിരാശയാണ്. അതിലുമുപരി, പാകിസ്ഥാന്റെ ജയത്തിന്റെ മാർജിൻ കണ്ടുള്ള നിരാശ. എല്ലാത്തിലുമുപരി പാകിസ്ഥാന്റെ യുവതാരങ്ങൾ കളിയോട് കാണിച്ച ആവേശവും ആത്മാർത്ഥതയും കണ്ടതിലുള്ള നിരാശ.
 
ഇനി ഒരു കാരണം കൊണ്ടും ചാമ്പ്യൻസ് ട്രോഫി അർഹിച്ചിരുന്നില്ല എന്ന് ഫൈനലിലെ കളി കണ്ടവർക്ക് ബോധ്യപ്പെടും. അത് പൂർണമായും പാകിസ്ഥാന്റെ കളിമികവിന് അർഹതപ്പെട്ട കപ്പാണ്. ഒരു കാഴ്ച കണ്ടപ്പോൾ സങ്കടവും സഹതാപവും ഒരുമിച്ച് തോന്നി. അത് ഉജ്ജ്വലമായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഹാർദ്ദിക്‌ പാണ്ഡ്യയുടെ പുറത്താകൽ നിമിഷം കണ്ടപ്പോഴാണ്. ഹാർദ്ദിക്‌ ബാറ്റ് വീശിയപ്പോൾ ഇന്ത്യ ജയിക്കുമെന്നുപോലും തോന്നിച്ചു. എന്നാൽ ആ അപ്രതീക്ഷിതമായ പുറത്താകൽ സങ്കടം സമ്മാനിച്ചു. 
 
സഹതാപം തോന്നിയത് ജഡേജയുടെ ശരീരഭാഷ കണ്ടപ്പോഴാണ്. ഒന്നാന്തരം ഫോമിൽ ജയിക്കേണ്ട ഉത്തരവാദിത്തം മുഴുവൻ തോളിലേറ്റിയ കളിക്കാരൻ പുറത്താകാതിരിക്കാനായി ക്രീസൊഴിഞ്ഞുകൊടുക്കാനുള്ള മാന്യത ജഡേജ കാണിച്ചില്ല. അത് ഇപ്പോൾ ടീമിന്റെ മുഴുവൻ മനസ്സിൽ കടന്നുകൂടിയിട്ടുള്ള ധാർഷ്ട്യത്തിന്റെയും അഹന്തയുടെയും പ്രതിഫലനമാണെന്നുപറയണം. ഈ ശരീരഭാഷയുള്ള താരങ്ങളുടെ എണ്ണം വർദ്ധിച്ചപ്പോൾ കളി ജയിക്കാനുള്ള ആർജ്ജവമാണ് ടീമിന് ചോർന്നുപോയത്.
 
180 റൺസിന്റെ തോൽവി എന്നത് അടുത്തകാലത്തൊന്നും  മറക്കാനാവാത്ത ഒരു മുറിവാണ്. അത് ഇന്ത്യ വരുത്തിവച്ചതും. ഈസിയായി ജയിക്കാമെന്ന് തോന്നലുണ്ടായാൽപ്പിന്നെ, എതിരാളിയെ വിലകുറച്ച് കണ്ടുതുടങ്ങിയാൽ പിന്നെ തോൽവിക്ക് വേറെ കാരണം അന്വേഷിക്കേണ്ടതില്ല. അമിതമായ ആത്മവിശ്വാസവും അഹങ്കാരവും തന്നെയാണ് ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നഷ്ടപ്പെടുത്തിയത്. 
 
രണ്ടാമത് ബാറ്റ് ചെയ്യാനുള്ള തീരുമാനം തന്നെയായിരുന്നു അമിതമായ ആത്മവിശ്വാസം മൂലം ആദ്യമുണ്ടായ പിഴവ്. ഏത് വലിയ സ്‌കോറിനെയും ചേസ് ചെയ്യാമെന്നുള്ള അഹംഭാവം. അങ്ങനെ ബോധ്യമുള്ളവർ അതിന് അനുസരിച്ചുള്ള കളി പദ്ധതി തയ്യാറാക്കണമായിരുന്നു. പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറെ അൽപ്പം ബഹുമാനിച്ച് കളിക്കാനുള്ള സാമാന്യമായ ചിന്താശേഷി ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാർ പ്രകടിപ്പിച്ചില്ല. അതിന്റെ ഫലമാണ് ചീട്ടുകൊട്ടാരം പോലെയുള്ള ബാറ്റിങ് തകർച്ച.
 
ആദ്യം ബാറ്റ് ചെയ്ത് ഒരു 250 റൺസ് ഇന്ത്യ നേടിയിരുന്നെങ്കിൽ പോലും ഇന്ത്യയ്ക്ക് ജയിക്കാമായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വലിയ സമ്മർദ്ദത്തെ അതിജീവിക്കാൻ പോകുന്ന പരിചയസമ്പത്തുള്ള ബാറ്റിങ് ടീമല്ല പാകിസ്ഥാന്റേത്. അവർ തകർന്നടിയുമായിരുന്നു. 
 
പരുക്ക് മൂലം തലേദിവസം വരെ വലഞ്ഞ അശ്വിനെ ടീമിലുൾപ്പെടുത്തിയതുപോലെയുള്ള വലിയ ബുദ്ധിമോശം കോഹ്ലി കാണിച്ചത് ഒരിക്കലും ന്യായീകരിക്കാനാവാത്ത പിഴവാണ്. ഈ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ചെയ്യാൻ കഴിയുന്നത് ഒന്നേയുള്ളൂ. ധോണിയും യുവരാജുമ്  ഉൾപ്പടെയുള്ള നമ്മുടെ വെറ്ററൻമാരെ ടെസ്റ്റിലേക്ക് മാത്രം കരുതിവയ്ക്കുക. ഏകദിനവും ഇരുപതോവർ കളിയുമൊക്കെ ആവേശവും സാഹസവും കളിവീറും രക്തത്തിൽ തിളയ്ക്കുന്ന കുട്ടികൾക്കുള്ളതാണ്. പാകിസ്ഥാനെ കണ്ട് അതെങ്കിലും പഠിക്കുക.

വെബ്ദുനിയ വായിക്കുക