മഴ വരുന്നതിന് മുന്നോടിയായി ശുചീകരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി മഴക്കാലം നേരിടാനായി കേരളത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സമയത്ത് മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മറ്റ് പനികളും ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാ പനിയും കോവിഡ് മൂലമാണെന്ന് കരുതരുത്. ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ ഇവ മരണകാരണമായേക്കാം. കോവിഡിനെ നേരിടുന്നതിനോടൊപ്പം തന്നെ മറ്റ് പകര്‍ച്ചവ്യാധികളേയും നേരിടുന്നതതിനാവശ്യമായ മനുഷ്യവിഭവശേഷിയും മറ്റ് സാമഗ്രികളും സമാഹരിച്ച് സജ്ജമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ വളരെ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുവശത്ത് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാന്‍ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. അതോടൊപ്പം നിരവധി പകര്‍ച്ചവ്യാധികളെ തടയാനും പദ്ധതികളിട്ടിട്ടുണ്ട്. 2018 ജനുവരി മുതല്‍ ആരോഗ്യ ജാഗ്രത കാമ്പയിന്‍ ആരംഭിച്ചുകൊണ്ട് പകര്‍ച്ച വ്യാധിക്കെതിരായ പോരാട്ടം നാം ആരംഭിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.