'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ? പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ....': പ്രേം കുമാറിനെതിരെ ധർമജൻ ബോൾഗാട്ടി

നിഹാരിക കെ എസ്
ബുധന്‍, 27 നവം‌ബര്‍ 2024 (11:50 IST)
മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സെന്‍സറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിനെതിരെ നടൻ ധർമജൻ ബോൾഗാട്ടി. താൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണെന്നും തനിക്ക് അത് അഭിമാനമാണെന്നും ധർമജൻ പറഞ്ഞു. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണെന്നും ധർമ്മജൻ ഓർമിപ്പിച്ചു. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ എന്ന് ചോദിച്ച ധർമജൻ, പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ എന്നും പരിഹസിക്കുന്നുണ്ട്.
 
സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 
അതേസമയം സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി നേരത്തെ പറഞ്ഞിരുന്നു. സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തുന്നുണ്ടെന്നും സതീദേവി പറഞ്ഞു. അതേസമയം സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരി​ഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article