10 വരെ എണ്ണുന്നതിനുള്ളില്‍ എന്തുസംഭവിക്കും?

Webdunia
വെള്ളി, 30 മെയ് 2014 (15:52 IST)
10 വരെ എണ്ണുന്നതിനുള്ളില്‍ എന്തുസംഭവിക്കും? എന്തും സംഭവിക്കാമെന്നാണ് ഒരു തമിഴ് ചിത്രം പറയാനൊരുങ്ങുന്നത്. വിക്രം നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന് '10 എണ്‍‌റതുക്കുള്ളേ' എന്ന് പേരിട്ടു. ഒരു റോഡ് മൂവിയാണിത്. 'ഗോലി സോഡ'സംവിധാനം ചെയ്ത വിജയ് മില്‍ട്ടണാണ് ഈ സിനിമ ഒരുക്കുന്നത്. 
 
സാമന്ത നായികയാകുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് എ ആര്‍ മുരുഗദോസും ഫോക്സ് സ്റ്റാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഡി ഇമ്മാനാണ് സംഗീതം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. നേരത്തേ ഈ സിനിമയ്ക്ക് ‘ഇടം മാറി ഇറങ്ങിയവന്‍’ എന്നാണ് പേരിട്ടിരുന്നത്. 
 
യാത്രയ്ക്കൊടുവില്‍ വാഹനത്തില്‍ നിന്ന് ഇറങ്ങേണ്ടത് അവിടെയായിരുന്നില്ല. അറിയാതെ അവിടെ ഇറങ്ങിപ്പോയി. പിന്നീട് അവിടെയുണ്ടായ പല സംഭവങ്ങളിലും അയാള്‍ പങ്കാളിയായി. അത് യാദൃശ്ചികമായിരുന്നോ? എന്താണ് അയാളുടെ വരവിന്‍റെ ലക്‍ഷ്യം? - ഇതൊക്കെയാണ് ചിത്രം പറയുന്നത്. 
 
ഹൈദരാബാദ്, സിക്കിം, ലഡാക്ക് എന്നിവിടങ്ങളിലായാണ് '10 എണ്‍‌റതുക്കുള്ളേ' ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. പശുപതിയാണ് ചിത്രത്തിലെ വില്ലന്‍.