സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നെടുമുടിവേണു നായകനാകുന്നു. കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്റോ ജോസഫും ബെന്നി പി നായരമ്പലവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ നമിതാ പ്രസാദാണ് നായിക. ചിത്രത്തിന് ‘ഒരുകാര്യം പറയാനുണ്ട്...’ എന്ന് പേരിട്ടതായി സൂചനയുണ്ട്.
ഒരു എഴുപതുകാരനും 18 വയസ്സുള്ള പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധമാണ് ചിത്രം പ്രമേയമാക്കുന്നത്. പെണ്‍കുട്ടിയുടെ കാമുകനായി നിവിന്‍ പോളി അഭിനയിക്കുന്നു. കെ പി എ സി ലളിത, മാമുക്കോയ, മുകേഷ്, ഇന്നസെന്റ്, ചെമ്പില്‍ അശോകന് തുടങ്ങിയവരും അഭിനയിക്കുന്നു.
കേരളത്തിലെ കടലോര പ്രദേശങ്ങളില്‍ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. വേണുവാണ് ക്യാമറ. സംഗീതം ഇളയരാജ.
സത്യന്റെ കഴിഞ്ഞ ചിത്രമായ ‘സ്നേഹവീട്’ മോഹന്‍ലാല്‍ നായകനായിട്ടും തിയേറ്ററുകളില്‍ സ്വീകരിക്കപ്പെട്ടില്ല. മാത്രമല്ല, സിനിമയുടെ തിരക്കഥ മോശമാണെന്ന വിമര്‍ശനവും കേട്ടു. ഇതോടെയാണ് പുതിയ നിലപാടുമായി സത്യന് അന്തിക്കാട് അടുത്ത ചിത്രം ആരംഭിക്കുന്നത്. സത്യന് അന്തിക്കാടിന്റെ സമീപകാല ചിത്രങ്ങളായ ഭാഗ്യദേവത, വിനോദയാത്ര, മനസ്സിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയ സിനിമകളില്‍ നെടുമുടി വേണുവിന് ഗംഭീര കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നു. സത്യന്റെ ആദ്യകാല ചിത്രങ്ങളായ അപ്പുണ്ണി, കിന്നാരം, മണ്ടന്മാര് ലണ്ടനില്‍, വെറുതെ ഒരു പിണക്കം തുടങ്ങിയ സിനിമകളില്‍ നെടുമുടി നായകനായിരുന്നു.
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സെവന്‍സ്, മെട്രോ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ‘തട്ടത്തിന് മറയത്ത്’ എന്ന ചിത്രത്തിലും നിവിന്‍ പോളിയാണ് നായകന്. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത ശ്രദ്ധിക്കപ്പെടുന്നത്.
എന്തായാലും മറ്റുള്ളവരുടെ തിരക്കഥകളില്‍ സിനിമയെടുക്കാനുള്ള സത്യന് അന്തിക്കാടിന്റെ തീരുമാനം സന്തോഷത്തോടെയാണ് സിനിമാസ്വാദകര്‍ സ്വീകരിക്കുന്നത്. ഒപ്പം സൂപ്പര്താരങ്ങള്ക്കുവേണ്ടിയുള്ള തട്ടിക്കൂട്ട് സിനിമകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനത്തിനും കൈയടി ലഭിക്കുമെന്നാണ് പ്രതീക്ഷ.